അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് കോമ്പോസിറ്റ് റീജിയണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ യോഗാ ദിനാചരണം “ഇൻക്ലൂസിവ് ” സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ വ്യക്തികളേയും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ ഉദ്ഘാടനം ചെയ്തു.
നഗരത്തിലെ സ്പെഷ്യൽ സ്കൂളുകളായ ആശാക്കിരൺ, പ്രതീക്ഷ, പ്രശാന്തി, പ്രതീക്ഷമുകുളം, വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ, എ.ഡബ്ല്യൂ.എച്ച് എന്നിവിടങ്ങളിലെ ഇരുന്നൂറോളം ഭിന്നശേഷിക്കാരായ കുട്ടികൾ പങ്കെടുത്തു. കൂടാതെ പോലീസ് സേനാംഗങ്ങൾ, എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ് വോളണ്ടിയർമാർ, വിവിധ റീഹാബിലിറ്റേഷൻ പ്രൊഫഷണലുകൾ, തുടങ്ങിയവർ പങ്കെടുത്തു. ശാന്തി യോഗ സെന്റർ ഡയറക്ടർ ജിനീഷ്, ട്രെയിനർ റിഷ എന്നിവർ യോഗ പരിശീലനത്തിന് നേതൃത്വം നല്കി.
ദേവഗിരി കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബോബി ജോസ് അധ്യക്ഷത വഹിച്ചു. സിറ്റി ഡപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് കെ.ഇ. ബൈജു, സി.ആർ.സി ഡയറക്ടർ ഡോ.റോഷൻ ബിജ്ലി, അസിസ്റ്റൻറ് കമ്മീഷണർ ഉമേഷ് എ, എന്നിവർ സംസാരിച്ചു. കോഴിക്കോട് സിറ്റി പോലീസ്, ദേവഗിരി സെന്റ് ജോസഫ്സ് കോളേജ്, ശാന്തി യോഗ സെന്റർ എന്നിവരുടെ സഹകരണത്തോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്.