സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷനിലൂടെ രണ്ടു വർഷം കൊണ്ട് ഭൂരഹിതരായ 1,23,000 പേർക്ക് ഭൂമി നൽകിയെന്ന് റവന്യു മന്ത്രി കെ.രാജൻ. 1295 കോളനികളിലായി 19,000 പേർക്ക് ഭൂമി നൽകാനായെന്നും തഴക്കര, വെട്ടിയാർ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.
സവിശേഷ തണ്ടപ്പേർ സംവിധാനം നടപ്പിലാക്കിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ഭൂമിയില്ലാത്ത ഒരാൾ പോലും ഉണ്ടാവരുതെന്നതാണ് സർക്കാർ നയം. അനധികൃതമായി ഭൂമി കൈവശം വെക്കുന്നവരിൽ നിന്നും പിടിച്ചെടുത്ത് അർഹരായവർക്ക് ഭൂമി നൽകും. നെൽവയൽ, തണ്ണീർത്തട നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും- മന്ത്രി പറഞ്ഞു.
ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വില്ലേജ് ഓഫീസുകളെയാണ്. വില്ലജ് ഓഫീസുകൾ സ്മാർട്ട് ആകുമ്പോൾ സേവനങ്ങളും സ്മാർട്ട് ആക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. ഓൺലൈൻ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം ഉണ്ടാക്കാൻ ഇ-സാക്ഷരത പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ എം.എസ്. അരുൺകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഹരിതാ വി. കുമാർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ്, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം ആതിര, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീല രവീന്ദ്രനുണ്ണിത്താൻ, ഷീല ടീച്ചർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനു ഫിലിപ്പ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എസ്. അനിരുദ്ധൻ, സുനിൽ വെട്ടിയാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന വിശ്വകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗോകുൽ രംഗൻ, സുജാത, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എസ്. സന്തോഷ് കുമാർ, ചെങ്ങന്നൂർ ആർ. ഡി. ഒ എസ്.സുമ, തഹസിൽദാർ ജി.വിനോദ്കുമാർ, പി. ഡബ്ല്യൂ. ഡി കെട്ടിട ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ റംല ബീവി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.