പിറന്ന മണ്ണിൽ ഭൂമിയില്ലാതെ ബുദ്ധിമുട്ടി ജീവിക്കുന്ന എല്ലാ മനുഷ്യർക്കും ഭൂമി ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും ഇത് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പാലമേൽ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന റവന്യൂ വകുപ്പിന്റെ എല്ലാ ഓഫീസുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിയുന്ന രീതിയിലുള്ള പ്രവർത്തനമാണ് വകുപ്പ് നടപ്പാക്കുന്നത്. പാലമേൽ വില്ലേജ് ഓഫീസിന്റെ പരിധിയിലുള്ള ചില പ്രദേങ്ങളിൽ അനധികൃതമായി നടക്കുന്ന മണ്ണെടുപ്പ് വില്ലേജ് തല ജനകീയ സമിതിയിൽ അജണ്ട വെച്ച് ഗൗരവമായി ചർച്ച ചെയ്യണം. കേരളത്തിലെ ഒരു കുന്നും പാടവും അനധികൃതമായി നികത്താൻ കഴിയില്ല എന്ന് ഇന്ത്യയിൽ തന്നെ നിയമത്തിലൂടെ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.

ചുനക്കര വില്ലേജ് ഓഫീസും സ്മാർട്ട് വില്ലേജ് ഓഫീസാക്കി മാറ്റും. ഈ സാമ്പത്തിക വർഷം തന്നെ അതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എം.എസ്. അരുൺകുമാർ എം.എൽ.എ അധ്യക്ഷനായി. ജില്ലാ കളക്ടർ ഹരിത വി. കുമാർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ്, ജില്ലാ പഞ്ചായത്ത് അംഗം കെ. തുഷാര, പാലമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ നൗഷാദ്, എ.ഡി.എം. എസ്. സന്തോഷ് കുമാർ, ചെങ്ങന്നൂർ ആർ. ഡി.ഒ എസ്. സുമ, സംസ്ഥാന നിർമ്മിതി കേന്ദ്രം റീജണൽ എഞ്ചിനീയർ മുഹമ്മദ്‌ ഫൈസൽ, ഷാനവാസ്‌ കണ്ണങ്കര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. സുമ, സുജ ടീച്ചർ, ഗ്രാമപഞ്ചായത്ത്‌ അംഗം വേണു കാവേരി, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.