ജില്ലയിലെ കോളനികളിലുള്ള മുഴുവൻ ജനങ്ങൾക്കും പട്ടയം ലഭ്യമാക്കുന്നതിന് പ്രത്യേക കോളനി പട്ടയ മിഷൻ നടപ്പാക്കുമെന്ന് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കുട്ടനാട് താലൂക്കിലെ മുട്ടാർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതിനായി റവന്യു, പൊതുമരാമത്ത്, വൈദ്യുതി, വനം, പട്ടികജാതി പട്ടികവർഗം, ജലവിഭവം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറിമാരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കും. ഇതിന്റെ മേൽ നോട്ടത്തിൽ ഓരോ വില്ലേജിലും വില്ലേജ് തല ജനകീയ സമിതികൾ ചേർന്ന് പട്ടയമില്ലാത്തവരെ കണ്ടെത്തും.

വിവിധ സേവനങ്ങൾ വേഗത്തിൽ സുതാര്യമായി ലഭ്യമാക്കുന്നതിനായി കേരളത്തിലെ 94 ലക്ഷം കുടുംബങ്ങളിൽ ഒരു കുടുംബത്തിലെ ഒരാളെയെങ്കിലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ റവന്യൂ ഇ- സാക്ഷരരാക്കുമെന്നും മന്ത്രി പറഞ്ഞു.

വില്ലേജ് ഓഫീസുകളിലെ 20 ഓളം കാര്യങ്ങളിൽ ഓൺലൈനായി അപേക്ഷിക്കാൻ കഴിയുന്ന സംവിധാനം ഒരുക്കും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട സങ്കീർണമായ പ്രശ്നങ്ങളെ പഠിക്കാനും പരിശോധിക്കാനും പരിഹരിക്കാനും സഹായിക്കാനും വില്ലേജുകളുടെ ഗാർഡിയന്മാരായി വില്ലേജ് ഓഫീസർ കൺവീനർ ആയിട്ടുള്ള ജനകീയ സമിതികൾ രൂപീകരിക്കും.

കുട്ടനാട് നിയോജക മണ്ഡലത്തിലെ വെളിയനാട് വില്ലേജ് ഓഫീസ് പുനർ നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപയും മന്ത്രി ചടങ്ങിൽ വെച്ച് അനുവദിച്ചു. തോമസ് കെ.തോമസ് എം.എ.എ. അധ്യക്ഷനായി. കുട്ടനാട് മണ്ഡലത്തിലെ എല്ലാ വില്ലേജുകൾക്കും ആവശ്യമായ ഉപകരണങ്ങൾ തോമസ് കെ തോമസ് എം.എൽ.എയുടെ ഫണ്ടിൽ നിന്നു നൽകും.

ജില്ല കളക്ടർ ഹരിത വി. കുമാർ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി. വിശ്വംഭരൻ, ജില്ല പഞ്ചായത്ത് അംഗം എം.വി. പ്രിയ, മുട്ടാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിനി ജോളി, വൈസ് പ്രസിഡന്റ് ബോബൻ ജോസഫ്, എ.ഡി.എം. എസ്. സന്തോഷ് കുമാർ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന ജോസഫ്, മുട്ടാർ ഗ്രാമപഞ്ചായത്ത് അംഗം മെർലിൻ ബൈജു, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.