ആലപ്പുഴ വെസ്റ്റ് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് ഈ വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചതായി റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ആധുനികവത്ക്കരിച്ച് നിർമ്മാണം പൂർത്തിയാക്കിയ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

താലൂക്ക്/ വില്ലേജ് ഓഫീസുകളിലേക്ക് അവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുള്ള പണം എം.എൽ.എ.മാരുടെ ഫണ്ടിൽ നിന്നും കൊടുക്കാമെന്ന ധനകാര്യ വകുപ്പിൻ്റെ പ്രത്യേക ഉത്തരവ് വന്നതോടെ വിവിധ ഓഫീസുകൾ സ്മാർട്ട് ആക്കുന്നതിൽ എം.എൽ.എ.മാരുടെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കോളനികളിലുള്ള മുഴുവൻ ജനങ്ങൾക്കും പട്ടയം ലഭ്യമാക്കുന്നതിന് പ്രത്യേക കോളനി പട്ടയ മിഷൻ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. എ. എം ആരിഫ് എം.പി മുഖ്യാതിഥിയായി. ജില്ലാ കളക്ടർ ഹരിത വി. കുമാർ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാകേഷ്, പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ജി സൈറസ്, എ.ഡി.എം. എസ്. സന്തോഷ് കുമാർ, ജില്ല പഞ്ചായത്ത് അംഗം ഗീത ബാബു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ഷീജ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി. ആൻ്റണി, അമ്പലപ്പുഴ തഹസിൽദാർ വി.സി. ജയ, പുന്നപ്ര വില്ലേജ് ഓഫീസർ എം.പി ഉദയകുമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.