വിദേശ ഭാഷാ പഠനത്തിനായി  തളിപ്പറമ്പിൽ  ലാംഗ്വേജ്  ലാബ്

ഭാരിച്ച ചെലവ് കാരണം വിദേശ ഭാഷ പഠിക്കാനുള്ള മോഹം മാറ്റിവെച്ച വിദ്യാർഥികൾക്കായി തളിപ്പറമ്പിൽ ലാംഗ്വേജ്  ലാബ് വരുന്നു. തളിപ്പറമ്പ് മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായാണ് വിദേശ ഭാഷ പഠിക്കാൻ താൽപര്യമുള്ള മണ്ഡലത്തിലെ കുട്ടികൾക്കായി പദ്ധതി ഒരുക്കുന്നത്. ഈ അധ്യയന വർഷം മണ്ഡലത്തിലെ സ്‌കൂളുകളിൽ നടത്തേണ്ട പ്രവർത്തനം ചർച്ച ചെയ്യാൻ നടന്ന ഉദ്യോഗസ്ഥ, പ്രധാനാധ്യാപക, പി ടി എ പ്രതിനിധി യോഗത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിദ്യാർഥികൾക്ക് ലോക സിനിമകൾ കാണാനുള്ള തിയറ്റർ സൗകര്യവും ഡിജിറ്റൽ ലൈബ്രറിയും സ്‌കൂളുകളിൽ ഒരുക്കും. ഇതിനൊപ്പം വിദേശ ഭാഷ പഠിക്കാൻ താൽപര്യമുള്ള കുട്ടികൾക്കായാണ് മണ്ഡലത്തിൽ പ്രത്യേക കേന്ദ്രമൊരുക്കുക.
വിദ്യാലയങ്ങളിൽ നടപ്പാക്കേണ്ട വികസന പദ്ധതികൾ തയ്യാറാക്കാനും അത് നടപ്പിലാക്കാനുമായി വിദ്യാലയതല, പഞ്ചായത്ത് കമ്മിറ്റികൾ രൂപീകരിക്കും. ഇതിന് ശേഷം മുഴുവൻ സ്‌കൂളുകളും വിദ്യാലയ വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കും. കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാൻ യോഗ, കളരി, കരാട്ടെ തുടങ്ങിയവ പരിശീലിപ്പിക്കും.

ആദ്യഘട്ടത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂളുകളിലാണ് ഇത് നടപ്പാക്കുക. ഉപജില്ലാതല കായിക മത്സരത്തിലേക്കായി മികച്ച താരങ്ങളെ കണ്ടെത്തി മുൻകൂട്ടി പരിശീലനം നൽകും. പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്കായി ശിൽപ്പശാല നടത്തും. അക്കാദമിക് മികവുകളും കുട്ടികളുടെ സൃഷ്ടികളും ചേർത്ത് ‘എന്റെ വിദ്യാലയം’ എന്ന പേരിൽ സ്‌കൂളുകൾ സപ്ലിമെന്റ് പുറത്തിറക്കും. തളിപ്പറമ്പിന്റെ വിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന കരിയർ ഗൈഡൻസ് എക്സ്പോ ടേണിംഗ് പോയിന്റ് മൂന്നാം പതിപ്പ് ജനുവരിയിൽ നടത്തും.
എസ്എസ്എൽസി, ഹയർസെക്കണ്ടറി കുട്ടികൾക്ക് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സ്‌കൂൾതലത്തിൽ കൗൺസലിംഗ്, മോട്ടിവേഷൻ ക്ലാസുകൾ നൽകുന്ന പദ്ധതി തുടരും. വിനോദ-വിജ്ഞാന വികസനം സാധ്യമാക്കാൻ വിദ്യാലയങ്ങളിൽ ചിൽഡ്രൻസ് അമ്യൂസ്മെന്റ് പാർക്കുകൾ നിർമ്മിക്കും. ഇവിടെ ഓപ്പൺ ജിം സജ്ജീകരിക്കും. വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കാൻ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. ഓരോ ഹയർസെക്കണ്ടറി സ്‌കൂളും ഒരു പ്രത്യേക സ്പോർട്സ് ഇനം കണ്ടെത്തി പരിശീലനം നൽകും.
ധർമ്മശാല ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നടന്ന യോഗത്തിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള, കണ്ണൂർ ആർഡിഡി കെ ആർ മണികണ്ഠൻ, തളിപ്പറമ്പ് ഡി ഇ ഒ വി സതി, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജിത, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണൻ, ആന്തൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ പി ഉണ്ണികൃഷ്ണൻ, വിദ്യാഭ്യാസ പദ്ധതി കോ ഓർഡിനേറ്റർ ഡോ. കെ പി രാജേഷ്, എച്ച് എസ് എസ് ജില്ലാ കോ ഓർഡിനേറ്റർ അനൂപ് തുടങ്ങിയവർ സംബന്ധിച്ചു.