മലമ്പുഴ നിയോജകമണ്ഡലത്തിലെ പട്ടയ വിഷയങ്ങള്‍ കണ്ടെത്തുന്നതിനും പട്ടയ വിതരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മണ്ഡലത്തിലെ മുഴുവന്‍ ജനപ്രതിനിധികളുടെയും സഹകരണം അനിവാര്യമാണെന്ന് എ. പ്രഭാകരന്‍ എം.എല്‍.എ. മൂന്നാം പട്ടയ മിഷന്റെ ഭാഗമായി സര്‍ക്കാരിന്റെ ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന പ്രഖ്യാപിത നയത്തിന്റെ തുടര്‍നടപടിയായി സംസ്ഥാനത്ത് പട്ടയ വിതരണം ഊര്‍ജിതമാക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മലമ്പുഴ മണ്ഡലം പട്ടയ അസംബ്ലിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ പഞ്ചായത്തിലെയും വാര്‍ഡുകളില്‍ കോളനികളായും സര്‍ക്കാര്‍ പുറമ്പോക്ക്, മറ്റ് വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ രേഖകള്‍ ഇല്ലാതെയും താമസിക്കുന്നവരുടെ പട്ടിക വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. പഞ്ചായത്ത് അംഗങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ പട്ടയം ലഭിക്കാത്തവരുടെ പട്ടിക, പട്ടയം നല്‍കുന്നതിന് അനുയോജ്യമായ ഭൂമിയുടെ വിവരങ്ങള്‍, പട്ടയം ഇല്ലാത്ത കോളനികളുടെ വിവരങ്ങള്‍ എന്നിവ ശേഖരിച്ച് പട്ടയ അസംബ്ലിയില്‍ അവതരിപ്പിക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.

സംസ്ഥാന നിരീക്ഷണ സമിതി, സംസ്ഥാന ദൗത്യസംഘം, ജില്ലാ ദൗത്യസംഘം, താലൂക്ക് ദൗത്യസംഘം, വില്ലേജ് തല വിവരശേഖരണ സമിതി എന്നിങ്ങനെയാണ് പട്ടയമിഷന്റെ ഘടന. യോഗത്തില്‍ ലഭ്യമാകുന്ന വിവരങ്ങളും പ്രശ്‌നങ്ങളും ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച ചെയ്തശേഷം താലൂക്ക്, ജില്ലാ തലത്തില്‍ പരിഹരിക്കപ്പെടാവുന്ന വിഷയങ്ങള്‍ പരിഹരിക്കുകയും ശേഷിക്കുന്നവ പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അവ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ ബാലസുബ്രഹ്മണ്യന്‍(എല്‍.ആര്‍) അറിയിച്ചു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് തഹസില്‍ദാര്‍ ടി. രാധാകൃഷ്ണന്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, മലമ്പുഴ നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, മറ്റ് വകുപ്പ്തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.