പാലക്കാട് നിയോജകമണ്ഡതല പട്ടയ അസംബ്ലി യോഗം ചേര്‍ന്നു

പാലക്കാട് നിയോജകമണ്ഡലത്തില്‍ പുറമ്പോക്കില്‍ താമസിക്കുന്നവരുടെ വിവരശേഖരണം നടത്തി അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍. ബാലസുബ്രഹ്മണ്യം ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പാലക്കാട് മണ്ഡലതല പട്ടയ അസംബ്ലിയിലാണ് നിര്‍ദ്ദേശം. പട്ടയമില്ലാത്തവരെ ചേര്‍ത്ത് പിടിക്കുന്നതിനാണ് സര്‍ക്കാര്‍ പട്ടയമിഷന്‍ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് നഗരസഭ, മാത്തൂര്‍, പിരായിരി, കണ്ണാടി ഗ്രാമപഞ്ചായത്തുകളിലെ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്നവരുടെ  വിവരശേഖരണം നടത്തിയ ശേഷം ഈ വിവരങ്ങള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരെ അറിയിക്കാനും അസംബ്ലിയില്‍ തീരുമാനമായി. ഓരോ ഗ്രാമ പഞ്ചായത്തുകളിലെയും ജനങ്ങളുടെ പട്ടയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അസംബ്ലിയില്‍ ചര്‍ച്ചയായി. വാര്‍ഡ് അംഗങ്ങള്‍ മുതല്‍ എം.എല്‍.എമാര്‍ വരെയുളള ജനപ്രതിനിധികളുടെ സഹകരണത്തോടെ അര്‍ഹരായ ഭൂരഹിതരെ കണ്ടെത്തി പട്ടയ മിഷന്‍ ദൗത്യം വിജയിപ്പിക്കുകയാണ് പട്ടയ അസംബ്ലിയുടെ ലക്ഷ്യം.

യോഗത്തില്‍ പാലക്കാട് തഹസില്‍ദാര്‍ പി.ടി രാധാകൃഷ്ണന്‍, ഭൂരേഖ തഹസില്‍ദാര്‍ വി. സുധാകരന്‍, ആര്‍.ഡി.ഒ. ഡി അമൃതവല്ലി, ഷാഫി പറമ്പില്‍ എം.എല്‍.എയുടെ പ്രതിനിധി വി. സുജിത്ത് കുമാര്‍, മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.