പാലക്കാട്: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി അകത്തേത്തറ ശബരി ആശ്രമത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവന്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് 1927 ല്‍ ഗാന്ധിജി ശബരി ആശ്രമത്തില്‍ എത്തിയപ്പോള്‍ നട്ട കേരവൃക്ഷത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഗാന്ധിജി മൂന്ന് തവണ സന്ദര്‍ശിച്ച പാലക്കാട് അകത്തേത്തറ ശബരി ആശ്രമം പൈതൃക സ്വത്താണെന്നും ഗാന്ധിയുടെ നയം-ചിന്ത-സന്ദേശം എന്നിവ വളര്‍ന്നു വരുന്ന യുവതലമുറ അനുവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജാതി-മത അടിസ്ഥാനത്തില്‍ മനുഷ്യത്വത്തെ ഒറ്റചരടില്‍ കോര്‍ത്തിണക്കിയ ഗാന്ധിയന്‍ ചിന്താ നയങ്ങളും ചരിത്ര സ്മാരകങ്ങളും നിലനിര്‍ത്തി പുതു തലമുറയ്ക്ക് കൈമാറേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിജി ജില്ലയില്‍ എത്തിയ ഓര്‍മ നില നിര്‍ത്താന്‍ ശബരി ആശ്രമത്തില്‍ ലൈബ്രറി, സെമിനാര്‍ ഹാള്‍, ചര്‍ക്ക, ഹോസ്റ്റല്‍ കെട്ടിടം, ഫാം ഹൗസ് എന്നിവയുടെ നടത്തിപ്പിനുളള എസ്റ്റിമേറ്റ് സാംസ്‌കാരിക വകുപ്പിന് കൈമാറിയതായി അധ്യക്ഷ പ്രസംഗത്തില്‍ എച്ച്.എസ്.എസ് വൈസ് പ്രസിഡന്റ് ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു. യോഗത്തില്‍ മാതൃഭൂമി മുന്‍ പി.ആര്‍.ഒ പ്രൊഫ. പി.എ വാസുദേവന്‍ മുഖ്യ പ്രഭാഷണം നടത്തി.

വാരാചരണത്തോടനുബന്ധിച്ച് മലമ്പുഴ ഗിരി വികാസ് കേന്ദ്രത്തില്‍ നിന്ന് രാവിലെ എട്ടോടെ മലമ്പുഴ ഗിരി വികാസ്, എലപ്പുളളി ശ്രീ നാരായണ പബ്ലിക് സ്‌കൂള്‍, ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, കല്ലേക്കുളങ്ങര ഹേമാംബിക ഹൈസ്‌കൂള്‍ തുടങ്ങിയ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും, വിവിധ ഗാന്ധിയന്‍ സംഘടനാ പ്രതിനിധികളും അംഗണവാടി വിദ്യാര്‍ത്ഥികളും ആശ്രമത്തിലേക്ക് പദയാത്ര നടത്തി. പദയാത്ര നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം.അനില്‍കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ആശ്രമത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഗാന്ധി സ്മരണയോടനുബന്ധിച്ച് സംഗീതാര്‍ച്ചന നടത്തി. യോഗത്തില്‍ ആശ്രമത്തില്‍ മൂന്നര ലക്ഷം ചെലവവഴിച്ച് പുതുതായി നിര്‍മിച്ച കെ. സി മാധവന്‍ കുറുപ്പ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തിന്റെ സമര്‍പ്പണം കെ. സി മാധവന്‍ കുറുപ്പിന്റെ പത്‌നി ജാനകിയമ്മ നിര്‍വഹിച്ചു. പരിപാടിയില്‍ റിട്ട. യുണൈറ്റഡ് ഇന്‍ഡ്യ ഇന്‍ഷുറന്‍സ് കമ്പനി ഫിനാന്‍സ് അഡൈ്വസര്‍ ഈശ്വര കൈമള്‍, ശബരി ആശ്രമം സെക്രട്ടറി ടി. ദേവന്‍, കോഡിനേറ്റര്‍ സി.ജി. കൃഷ്ണന്‍, മലമ്പുഴ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. നാരായണന്‍, ശബരി ആശ്രമം വാര്‍ഡന്‍ സി.കെ. സുദര്‍ശന്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ പങ്കെടുത്തു.