കൃഷിക്കൊപ്പം കളമശേരിയുടെ ഭാഗമായി ഓഗസ്റ്റ് 20 മുതൽ 27 വരെ നടക്കുന്ന കാർഷികോത്സവം ചരിത്ര സംഭവമായി മാറുമെന്ന് മന്ത്രി പി. രാജീവ്. കളമശേരി നഗരസഭയുടെയും കൃഷി ഭവന്റെയും കളമശേരി, തൃക്കാക്കര സർവീസ് സഹകരണ ബാങ്കുകളുടെയും സംയുക്താഭിമുഖ്യത്തിൽ കളമശേരി നഗരസഭ ടൗൺഹാളിൽ സംഘടിപ്പിച്ച കർഷക ദിനാചരണവും മുതിർന്ന കർഷകരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷിക്കൊപ്പം കളമശേരി പദ്ധതി വലിയ ആവേശത്തോടെയാണ് നാട് ഏറ്റെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി മികച്ച വിളവ് ഉത്പാദിപ്പിക്കാൻ കഴിഞ്ഞു. നെല്ല്, പച്ചക്കറി, പഴങ്ങൾ, മത്സ്യം എന്നിവയൊക്കെ നന്നായി വിളവെടുക്കാൻ കഴിയുന്നു. മമ്മൂട്ടി ഉദ്ഘാടനം നിർവഹിക്കും.
കാർഷികോൽപ്പന്ന പ്രദർശനവും വിപണനവും, കളമശ്ശേരി മണ്ഡലത്തിലെ കൃഷിയിടങ്ങളിലായി ഉൽപാദിപ്പിച്ച കാർഷികോൽപന്നങ്ങൾ വിൽപനക്കെത്തിക്കുന്ന നാട്ടുചന്ത, ഭക്ഷ്യമേള, സെമിനാറുകൾ, കാർഷിക കലാമേള, പ്രമുഖ കലാകാരൻമാർ അണിനിരക്കുന്ന കലാപരിപാടികൾ എന്നിവയാണ് കളമശ്ശേരി കാർഷികോൽസവത്തിൽ ഒരുക്കുന്നത്.
45 ലധികം സ്റ്റാളുകൾ മേളയിലുണ്ടാകും. സഹകരണ സംഘങ്ങളുടെ സ്റ്റാളുകൾ, ഖാദി ഉത്പന്നങ്ങൾ, കൈത്തറി, ചക്കക്കൂട്ടം, കുടുംബശ്രീ സ്റ്റാളുകൾ എന്നിവയുണ്ടാകും.
കളമശേരി മണ്ഡലത്തിൽ വിളഞ്ഞ പൊക്കാളി അരി കൊണ്ട് തയാറാക്കിയ അപ്പം, മണ്ഡലത്തിൽ നിന്നു പിടിച്ച കാളാഞ്ചി മീൻ വിഭവങ്ങൾ, പൊക്കാളി പായസം എന്നിവ ഷെഫ് പിള്ളയുടെ നേതൃത്വത്തിൽ തയാറാക്കിയത് മേളയിലുണ്ടാകും. കുറഞ്ഞ നിരക്കിൽ ഇത് ആസ്വദിക്കാം.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി.പ്രസാദ്, എം.ബി.രാജേഷ്, മുൻ മന്ത്രിമാരായ ഡോ.തോമസ് ഐസക്, പ്രൊഫ.സി.രവീന്ദ്രനാഥ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
വിവിധ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. മേളയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന കാർഷിക കലാജാഥ കടമ്പൻ മൂത്താൻ പര്യടനം നടത്തിവരികയാണ്. നെൽകർഷകർ, മത്സ്യ കർഷകർ, പഴം-പച്ചക്കറി- പൂ കർഷകർ, യുവ കർഷകർ, കുട്ടി കർഷകർ തുടങ്ങി വ്യത്യസ്ത മേഖലകളിലെ കർഷകർ പങ്കെടുക്കുന്ന സംഗമങ്ങളും നടക്കും.
ഷഹബാസ് അമൻ നയിക്കുന്ന ഗാനസന്ധ്യ, സ്റ്റീഫൻ ദേവസി ഷോ, മുരുകൻ കാട്ടാക്കടയുടെ പോയട്രി സ്റ്റേജ് ഷോ, ഫോക്‌ലോർ അക്കാദമി, മാപ്പിള കലാ അക്കാദമി, ഡി.ടി.പി.സി തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള കലാപരിപാടികൾ, തിരുവനന്തപുരം ഭാരത് ഭവന്റെ നേതൃത്വത്തിൽ വിവിധ കലാരൂപങ്ങളുടെ അവതരണം, ഗുരു ഗോപിനാഥ് നടനഗ്രാമം അവതരിപ്പിക്കുന്ന ഫ്യൂഷൻ, കരുമാല്ലൂർ പൊയ്ക, ബിജു മഞ്ചേരി, രാജേഷ് ചേർത്തല തുടങ്ങിയവരുടെ വൈവിധ്യമേറിയ കലാപരിപാടികളും മേളയിലുണ്ടാകും.
ഈ രീതിയിൽ വലിയൊരു ഉത്സവമാണ് 20-ാം തീയതി മുതൽ ആരംഭിക്കുന്നത്. കളമശേരി നഗരസഭയ്ക്കു മുന്നിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര യോടെയാകും തുടക്കം.
ഘോഷയാത്രയിൽ ഏറ്റവും മികച്ച രീതിയിൽ അണിനിരക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് അവാർഡും നൽകും. എല്ലാവരും ചേർന്ന് കാർഷികോത്സവം കളമശേരിയുടെ ഉത്സവമാക്കി മാറ്റണമെന്നും മന്ത്രി പറഞ്ഞു.
മികച്ച മുതിർന്ന കർഷകനായ മഞ്ഞളി വീട്ടിൽ ഈനാശു, പ്രത്യേക പരിഗണന നേടിയ കെ. പി. കുരിയച്ചൻ, മികച്ച ജൈവകർഷകൻ ടൈറ്റസ് ചക്കാട്ടിൽ, മികച്ച വനിതാ കർഷക മല്ലിക രാജൻ, മികച്ച ക്ഷീര കർഷകൻ സി.ജെ.ഷെഫീഖ്, മികച്ച യുവകർഷകൻ മുഹമ്മദ് അഫീഫ്, മികച്ച നൂതന കർഷകൻ ടി. കെ. രാമചന്ദ്രൻ, മികച്ച സമ്മിശ്ര കർഷകൻ പി.ഡി. ജോൺസൺ, മികച്ച മട്ടുപ്പാവ് കർഷക തോട്ടുങ്കണ്ടത്തിൽ സുബൈദ, മട്ടുപ്പാവ് കർഷകനുള്ള പ്രത്യേക പരിഗണന നേടിയ എം.എ. ഫ്രാൻസിസ്, മികച്ച പട്ടികജാതി കർഷകൻ ഷിബു കെ അരിമ്പാറ, മികച്ച പുഷ്പ കർഷക ലിസി കാർത്തികേയൻ, മികച്ച കർഷകത്തൊഴിലാളി ഒ.കെ. മോഹനൻ എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.
വിദ്യാർഥി കർഷകരായ കെ.എ.ഫമിത, പുതുശേരിമുഗൾ ഷറഫിയ, എന്നിവർക്കും ഗ്രൂപ്പ് സംരംഭകരായ ലോട്ടസ് കൃഷിക്കൂട്ടത്തിനും ബാലസഭകൾക്കും പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.
ആദരവ് നേടിയ കർഷകർക്ക് വളവും വിതരണം ചെയ്തു. കാർഷിക വിളകളുടെയും കുടുംബശ്രീ ഉത്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിരുന്നു. സമീകൃതാഹാരവും ചെറു ധാന്യങ്ങളുടെ പ്രാധാന്യവും എന്ന വിഷയത്തിൽ പരിശീലന ക്ലാസും നടന്നു.
കളമശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കർ,
കളമശേരി നഗരസഭ വികസന കാര്യ കമ്മിറ്റി ചെയർപേഴ്സൺ ജെസി പീറ്റർ, മരാമത്ത് കമ്മിറ്റി ചെയർപേഴ്സൺ അഞ്ജു മനോജ് മണി, ആരോഗ്യ കാര്യ കമ്മിറ്റി ചെയർമാൻ എ.കെ. നിഷാദ്, വാർഡ് കൗൺസിലർ ബഷീർ അയ്യമ്പ്രാത്ത്, തൃക്കാക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എസ്. എ. കരീം, കളമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനില ജോ ജോ, സി.ഡി.എസ് ചെയർ പേഴ്സൺമാരായ ഫാത്തിമ മുഹമ്മദ്, സുജാത വേലായുധൻ, എ.ഡി.എസ് ഭാരവാഹി കെ.എ. കരീം, കളമശേരി നഗരസഭ സെക്രട്ടറി അനിൽകുമാർ, കൃഷി ഓഫീസർ എസ്. ഗായത്രി ദേവി തുടങ്ങിയവർ പങ്കെടുത്തു