കൊച്ചി: പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രക്രിയകള്‍ക്കായി വ്യക്തികളെയും സന്നദ്ധ സംഘടനകളെയും പങ്കാളികളാക്കി ക്രൗഡ് സോഴ്‌സിംഗ് സംവിധാനം ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ആദ്യഘട്ട യോഗം കലക്ടറേറ്റില്‍ നടന്നു. പ്രളയാനന്തരം ജില്ല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വീട് നിര്‍മാണം, പുനരുദ്ധാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും തയ്യാറാകുന്ന വ്യക്തികളെയും സന്നദ്ധ സംഘടനകളെയും കണ്ടെത്തി കര്‍മസേന രൂപീകരിക്കുന്നതിനാണ് യോഗം ചേര്‍ന്നത്.
കൂടുതല്‍ സുതാര്യവും ഫലപ്രദവുമായ മാര്‍ഗ്ഗങ്ങളില്‍ പ്രളയ ബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ മാര്‍ഗ്ഗം സഹായിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു.
സഹായം ആവശ്യമുള്ള ഗുണഭോക്താക്കളെയും ദാതാക്കളെയും നേരിട്ട് ബന്ധപ്പെടുത്തുന്ന ഐടി-അധിഷ്ഠിത ക്രൗഡ് സോഴ്‌സിംഗ് പ്ലാറ്റഫോം അടുത്ത ആഴ്ചയോടെ തയ്യാറാകുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.  സന്നദ്ധ സംഘടനകള്‍ ജില്ലാഭരണകൂടം വഴി സഹായം വിതരണം ചെയ്യുന്നതു മൂലം ഇരട്ടിപ്പ് ഒഴിവാക്കാനുമാകും.  സഹായം നല്‍കാന്‍ തയ്യാറാകുന്ന വ്യക്തികളും സംഘടനകളും rebuildekm@gmail.com   എന്ന മെയിലില്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണം. പ്രളയദുരന്തം അനുഭവിച്ചവര്‍ക്ക് ജാതി, മത സാമ്പത്തിക- രാഷ്ട്രീയ ഭേദമന്യേ ഒരുപോലെ സഹായമെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജില്ലാഭരണകൂടം ക്രൗഡ് സോഴ്‌സിംഗ് സംവിധാനം നടപ്പാക്കുന്നത്. വീട് നഷ്ടപ്പെട്ട പ്രളയബാധിതരുടെ വിവരം https://rebuild.lsgkerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പ്രളയത്തെ തുടര്‍ന്ന് പൂര്‍ണ്ണമായി നശിച്ച വീടുകളാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക. വീടും സ്ഥലവും നഷ്ടപ്പെട്ട 129 പേരും വീട് പൂര്‍ണമായും നഷ്ടപ്പെട്ട 2014 പേരും ജില്ലയിലുണ്ട് ഇവര്‍ക്കാണ് ആദ്യഘട്ട സഹായം ലഭ്യമാക്കുക. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച സ്‌കൂളുകളുടെയും ആശുപത്രികളുടെയും കണക്കുകളും തയ്യാറായിട്ടുണ്ട്. സഹായത്തിനു തയ്യാറായ സന്നദ്ധ സംഘടനകളെ ഇപ്രകാരമുള്ള സ്‌കൂളുകളും ആശുപത്രികളും നേരിട്ട് ബന്ധിപ്പിക്കുന്നതിനും ക്രൗഡ് സോഴ്‌സിങ് സംവിധാനം സഹായകമാകും. ധന സഹായത്തിന് പുറമേ മനുഷ്യവിഭവശേഷി വഴിയുള്ള സഹായവും സാങ്കേതിക സഹായവും ആവശ്യമാണ്.
പ്രളയത്തെ തുടര്‍ന്ന് നഷ്ടം സംഭവിച്ച വീടുകളുടെ സര്‍വ്വേ 99% പൂര്‍ത്തിയായിട്ടുണ്ട്. 1,25,147 വീടുകളുടെ സര്‍വ്വേയാണ് പൂര്‍ത്തിയായത്. പരിശീലനം ലഭിച്ച ഒമ്പതിനായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ച് നടത്തിയ സര്‍വ്വേയ്ക്കു ശേഷം എഞ്ചിനീയറുടെ സൂക്ഷ്മപരിശോധനയ്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ സെക്രട്ടറിയുടെ അംഗീകാരത്തിനും ശേഷമാണ് വീടുകള്‍ക്കുള്ള നഷ്ടം കണക്കാക്കിയിരിക്കുന്നത്. ഈ വീടുകളുടെ പട്ടയവും കെട്ടിട നമ്പര്‍ സംബന്ധിച്ച പരിശോധനയും അടുത്തയാഴ്ചയോടെ പൂര്‍ത്തിയാകും. അതിനുശേഷം പൂര്‍ണമായും നഷ്ടം സംഭവിച്ച വീടുകളുടെ പുനര്‍ നിര്‍മാണം ഏറ്റെടുക്കാനാണ് പദ്ധതി. പുനര്‍നിര്‍മ്മാണം ഏറ്റെടുക്കുന്ന സന്നദ്ധസംഘടനയുടെയും പുനര്‍നിര്‍മിക്കുന്ന വീടുകളുടെയും വിവരം ഗുണഭോക്താവിന്റെ സ്വകാര്യതയെ ഹനിക്കാത്ത വിധം വെബ്‌സൈറ്റില്‍ ലഭ്യമാക്കും. സുതാര്യത ഉറപ്പാക്കാനും ഇരട്ടിപ്പ് ഒഴിവാക്കാനും ഇത് സഹായിക്കും.
യോഗത്തില്‍ വിവിധ സംഘടനകള്‍ വീടുകളുടെ പുനര്‍നിര്‍മാണം സംബന്ധിച്ച സഹായം ജില്ലാകലക്ടര്‍ക്ക് ഉറപ്പുനല്‍കി.  ജീവനോപാധി കണ്ടെത്തി നല്‍കല്‍, വളര്‍ത്തുമൃഗങ്ങളെ നല്‍കല്‍ തുടങ്ങിയ പദ്ധതികളിലും ജില്ലാ കലക്ടര്‍ സന്നദ്ധ സംഘടനകളുടെ സഹായം അഭ്യര്‍ത്ഥിച്ചു. ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി ഡി ഷീലാദേവി, വിവിധ രാഷ്ട്രീയ കക്ഷികള്‍, സന്നദ്ധസംഘടനകള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.