കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കേരളത്തിലെ റോഡുകളില്‍ വലിയ മാറ്റമാണ് ഉണ്ടായതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ 7.35 കോടി രൂപ ചെലവിട്ട് നിര്‍മിച്ച 12 നഗര റോഡുകളുടെ ഉദ്ഘാടനവും 6.5 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന എസ്.എന്‍. ജംഗ്ഷന്‍- കണിയാംകുളം കിഴക്ക് റോഡിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ഇന്ന് ലഭിക്കാവുന്ന ഏറ്റവും മികച്ച ഗുണനിലവാരമായ ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തിലാണ് കേരളത്തിലെ റോഡുകള്‍ നിര്‍മിക്കുന്നത്. സാധാരണ ടാറിങ് ചെയുമ്പോള്‍ വേണ്ടി വരുന്നതിനേക്കാളും മൂന്നിരട്ടിയോളം പണം ചെലവഴിച്ചാണ് ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തിലെ റോഡുകള്‍ നിര്‍മിക്കുന്നത്. ഇതിന് പുറമേ ഇന്ന് കേരളത്തില്‍ റണ്ണിങ് കോണ്‍ട്രാക്ടും നടപ്പാക്കിയിട്ടുണ്ട്. ഇതോടെ കരാര്‍ കാലാവധി കഴിഞ്ഞാലും റോഡുകളുടെ അറ്റകുറ്റപണികള്‍ സാധ്യമാകും. ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ട് ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞ സ്ഥലങ്ങളില്‍ ഉള്‍പ്പടെ ഇന്ന് റോഡുകളും പാലങ്ങളും നിര്‍മിച്ചുവരികയാണ്.
മള്‍ഗര്‍ റോഡ്, ഇരവുകാട് ക്ഷേത്രം റോഡ്, എച്ച്.ബി. പാടം റോഡ്, വെറ്റക്കാരന്‍ റബര്‍ ഫാക്ടറി റോഡ്, തേജസ് നഗര്‍ റോഡ്, തേജസ് നഗര്‍ ബ്രാഞ്ച് റോഡ്, സെന്റ് മേരീസ് റോഡ്, എല്‍.ഐ.സി റോഡ്, ചാണ്ടിപ്പള്ളി കണിയാംകുളം റോഡ്, റെയില്‍വേ ലൈന്‍ ഇ.എം.പി. റോഡ്, കൊട്ടാരംപാലം ചെറുപുഷ്പം റോഡ്, മുഖാംപള്ളി റോഡ് എന്നീ റോഡുകളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്.
ഇരവുകാട് കപ്പാമുക്കില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനായി. എ.എം. ആരിഫ് എം.പി. വിശിഷ്ടാതിഥിയായി.