അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനാ പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭയായി ബത്തേരി ഇടം പിടിച്ചു. സുരക്ഷ 2023 ലൂടെ നഗരസഭയിലെ 26000 ത്തോളം പേര്‍ പദ്ധതിയില്‍ അംഗങ്ങളായി. ജില്ലയിലെ അര്‍ഹരായ മുഴുവന്‍പേരെയും കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാപദ്ധതികളില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ഭാരതീയ റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ലീഡ് ബാങ്ക് സുരക്ഷ 2023 നടപ്പാക്കുന്നത്.

20 രൂപയുടെ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന അപകട ഇന്‍ഷുറന്‍സ് കൂടാതെ 436 രൂപ വാര്‍ഷികപ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയും സുരക്ഷ 2023 ല്‍ ഉള്‍പ്പെടുന്നുണ്ട്. ജനപ്രതിനിധികള്‍,സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍, ബാങ്ക് പ്രതിനിധികള്‍ , സന്നദ്ധ സംഘടനകള്‍, ഹരിതകര്‍മ്മസേന എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ സുരക്ഷ 2023 ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ അണിനിരന്നു.

ബത്തേരി നഗരസഭ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സുരക്ഷ 2023 ന്റെ പൂര്‍ത്തീകരണം പ്രഖ്യാപിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍ നഗരസഭയില്‍ പദ്ധതി പൂര്‍ത്തീകരണത്തിനു നേതൃത്വം വഹിച്ച നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശിന് മൊമെന്റോ നല്‍കി ആദരിച്ചു. നബാര്‍ഡ് ജില്ലാ ഓഫീസര്‍ വി. ജിഷ, മുനിസിപ്പല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് , മുനിസിപ്പല്‍ സെക്രെട്ടറി സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.