തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും കെല്‍ട്രോണിന്റെയും ആഭിമുഖ്യത്തില്‍ ഹരിത മിത്രം ആപ്ലിക്കേഷന്‍, സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി, ഒ.ഡി.എഫ്.പ്ലസ് എന്നിവയെക്കുറിച്ച് പരിശീലനവും സ്വച്ഛത ഹി സേവ റിസോഴ്സ് പേഴ്സന്മാര്‍ക്കുള്ള സാക്ഷ്യപത്രവിതരണവും നടന്നു. പരിശീലനം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. അനുപമ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ‘മാലിന്യ മുക്തം നവകേരളം’ പ്രതിജ്ഞ ചൊല്ലി.

ജില്ലയില്‍ ഹരിത മിത്രം ആപ്പിലൂടെ മാലിന്യം ശേഖരിക്കുന്ന 10 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനകള്‍ക്കാണ് പരിശീലനം നല്‍കിയത്. നൂറ്ശതമാനം വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യം ശേഖരിക്കുകയും യൂസര്‍ ഫീ കളക്ഷന്‍ നടത്താനും ഹരിതകര്‍മ്മ സേനയെ പ്രാപ്തരാക്കുക എന്നതാണ് ഈ ആപ്പിന്റെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്വച്ഛ്ഗ്രാഹികള്‍ എന്ന രീതിയില്‍ ഹരിത കര്‍മ്മ സേനക്ക് പരിശീലനം നല്‍കി.

മികച്ച രീതിയില്‍ സ്വച്ഛത ഹി സേവ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നഗരസഭ യംഗ് പ്രൊഫഷണല്‍, ഗ്രാമപഞ്ചായത്ത് റിസോഴ്സ് പേഴ്സന്മാര്‍ എന്നിവരെ ആദരിച്ചു. ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (ഐ.ഇ.സി) കെ. റഹീം ഫൈസല്‍, പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ നിധി കൃഷ്ണ, കെല്‍ട്രോണ്‍ പ്രതിനിധി സുജയ് കൃഷ്ണ എന്നിവര്‍ ക്ലാസ്സെടുത്തു.