നവംബർ ഒന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടത്തുന്ന കേരളീയം-2023ന്റെ പ്രചരണാർത്ഥം കുടുംബശ്രീയുടെ നേതൃത്വത്തിൽ പാചക മത്സരം നടത്തി. കേരളീയം-2023ന്റെ ഭക്ഷ്യമേളയിലേക്ക് മികച്ച കാറ്ററിങ് യൂണിറ്റിനെ തെരഞ്ഞെടുക്കുന്നതിനാണ് ജില്ലാ കുടുംബശ്രീയും നിലമ്പൂർ അമൽ കോളേജ് ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്‌മെന്റും സംയുക്തമായി പാചക മത്സരം നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം പി.വി അബ്ദുൾ വഹാബ് എം.പി നിർവഹിച്ചു.
ജില്ലയിൽ നിന്നും 15 ബ്ലോക്കുകളിൽ നിന്നായി തെരഞ്ഞെടുത്ത 12 യൂണിറ്റുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ജില്ലയിലെ വിവിധ സി.ഡി.എസുകളിലെ യൂണിറ്റുകളിൽ നിന്നും ബി.സി, എം.ഇ.സിമാർ മുഖേനയാണ് മികച്ച യൂണിറ്റുകളെ തെരഞ്ഞെടുത്തത്. നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ജാഫർ കെ.കക്കൂത്ത് അധ്യക്ഷത വഹിച്ചു.
അമൽ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.കെ നൂറുദ്ദീൻ, ഡോ. ടി. ഷമീർ ബാബു, ചാലിയാർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ വി.ടി ബീന, നിലമ്പൂർ നഗരസഭ സി.ഡി.എസ് ചെയർപേഴ്‌സൺ വസന്ത, തുടങ്ങിയവർ പങ്കെടുത്തു. അമൽ കോളേജ് പ്രിൻസിപ്പൽ ഡോ. ടി.വി സക്കറിയ സ്വാഗതവും പി. റെനീഷ് നന്ദിയും പറഞ്ഞു. ലസീദ് കാറ്ററിങ് വാഴക്കാട് ഒന്നാം സ്ഥാനവും ഫ്രഷ് ആന്റ് ടേസ്റ്റി പെരുമണ്ണ ക്ലാരി രണ്ടാം സ്ഥാനവും ഷില്ലൂസ് മൂന്നാം സ്ഥാനവും നേടി. വേൾഡ് എഗ്ഗ് ഡേയോടനുബന്ധിച്ച് മുട്ട കൊണ്ടുള്ള പലഹാരങ്ങളും മുട്ടയുടെ പ്രയോജനങ്ങളെ കുറിച്ചുള്ള ക്ലാസും പരിപാടിയിൽ അരങ്ങേറി.