കല്‍പ്പാത്തി രഥോത്സവം സുഗമമായി നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രഥോത്സവം നടക്കുന്ന പ്രദേശങ്ങളില്‍ ശുചിത്വവും പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കുന്നതിന് വേണ്ട സംവിധാനങ്ങളും ഉറപ്പാക്കണമെന്നും പ്രദേശത്തെ തെരുവ് വിളക്കുകള്‍ കത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നഗരസഭ അധികൃതർക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണം. ധാരാളം തെരുവ് കച്ചവടക്കാര്‍ എത്തുന്ന സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധനയും ബോധവത്ക്കരണങ്ങളും നടത്താന്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതർക്ക് ജില്ല കലക്ടർ നിര്‍ദേശം നല്‍കി.

മരങ്ങള്‍ മുറിക്കുന്നത് നഗരസഭ അധികൃതരെ അറിയിക്കണമെന്ന് കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കി. നഗരസഭ പരിധിയില്‍ കെ.എസ്.ഇ.ബി വെട്ടുന്ന മരങ്ങള്‍ നീക്കം ചെയ്യേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കുന്നതിനായി പാര്‍ക്കിങ് സ്ഥലങ്ങള്‍ കണ്ടെത്താന്‍ പോലീസിന് നിര്‍ദേശം നല്‍കി.കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ വാട്ടര്‍ അതോറിറ്റിക്കും വൈദ്യുതി തടസ്സം ഒഴിവാക്കാന്‍ കെഎസ്ഇബിക്കും ജില്ല കലക്ടർ നിര്‍ദ്ദേശം നല്‍കി.ആരോഗ്യവകുപ്പ്, അഗ്‌നിരക്ഷാസേന സേവനങ്ങളും ഉറപ്പുവരുത്തണം. വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.എസ്.പി എ. ഷാഹുല്‍ ഹമീദ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, സംഘാടകസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.