കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ മാധ്യമ പ്രവർത്തകർക്കായി പീച്ചി കെ.എഫ്.ആർ.ഐ-യിൽ നവംബർ 17, 18 തീയതികളിൽ ബാലാവകാശ നിയമവും ലിംഗനീതിയും സംബന്ധിച്ച ശിൽപശാല നടത്തും. നവംബർ 17-ന് രാവിലെ 10.30-ന് റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷത വഹിക്കും.
യൂണിസെഫ് കമ്യൂണിക്കേഷൻ കൺസൾട്ടന്റ് ബേബി അരുൺ, അക്കാദമി വൈസ് ചെയർമാൻ ഇ.എസ്.സുഭാഷ്, കെ.യു.ഡബ്ല്യൂ.ജെ പ്രസിഡന്റ് എം.വി.വിനീത, മാധ്യമ പ്രവർത്തകനും മുൻ എം.പിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ, തൃശൂർ പ്രസ്സ് ക്ലബ് പ്രസിഡന്റ് രാധിക ഒ., എസ്.ബിജു (ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ), സുനിൽ പ്രഭാകർ (മാതൃഭൂമി മീഡിയ സ്കൂൾ), അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ എന്നിവർ പങ്കെടുക്കും.
മുഖ്യധാരാ മാധ്യമപ്രവർത്തകർ, പ്രാദേശിക പത്രപ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങി 80 പേരോളം പങ്കെടുക്കും. ബാലനീതി സംബന്ധിച്ച അന്തർദേശീയ, ദേശീയ നിയമങ്ങൾ സംബന്ധിച്ച് ശിൽപശാലയിൽ വിദഗ്ദ്ധർ സംസാരിക്കും. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി ബാലനീതി സംബന്ധമായ വ്യാജ വാർത്തകൾ എങ്ങനെ കണ്ടുപിടിക്കാമെന്നതിൽ വിദഗ്ദ്ധ പരിശീലനവും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും.