മാലിന്യ മുക്തം നവകേരള ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഡിസംബറില്‍ മാലിന്യ മുക്ത മേഖലയായി പ്രഖ്യാപിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത വിനോദസഞ്ചാര കേന്ദ്രങ്ങളാണ് മാലിന്യമുക്തമാക്കി സീറോ വേസ്റ്റ് സോണ്‍ ആയി പ്രഖ്യാപിക്കുക. മാലിന്യമുക്തം നവ കേരളം ക്യാമ്പയിനിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിനോദസഞ്ചാര കേന്ദ്രങ്ങളെ സീറോ വേസ്റ്റ് സോണായി മാറ്റുന്നത്. ഇതിനായി ആദ്യഘട്ടത്തില്‍ പൂര്‍ണ്ണമായും മാലിന്യ മുക്തമാക്കാനുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കും.

സീറോ വേസ്റ്റ് സോണ്‍ പ്രഖ്യാപനത്തിന് മുന്നോടിയായി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പൂര്‍ണ്ണമായും മാലിന്യ നിര്‍മ്മാര്‍ജ്ജനം പൂര്‍ത്തീകരിക്കും. തുടര്‍ പ്രവര്‍ത്തനങ്ങളും പരിപാലനവും ഉറപ്പുവരുത്തും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, തദ്ദേശസ്വയംഭരണ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. ശുചിത്വമിഷനും നവകേരളം മിഷനുമാണ് ഏകോപന ചുമതല. വിനോദസഞ്ചാര മേഖലകളെ ആകര്‍ഷകമാക്കി സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ ഇടങ്ങളില്‍ പുരോഗമിക്കുകയാണ് . വിവിധ വകുപ്പുകളുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സീറോ വേസ്റ്റ് സോണ്‍ ആയി പ്രഖ്യാപിക്കുന്നതിനായി ഗ്യാപ്പ് അസ്സമെന്റും ജില്ലയില്‍ നടന്നു വരുന്നുണ്ട്.