ഇരുപത്തിയേഴു വർഷം മുടങ്ങിക്കിടന്ന ദേശീയ പാത വികസനം സാധ്യമാക്കിയതാണ് പിണറായി വിജയൻ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ഫിഷറീസ് -സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തൃപയാറിൽ നാട്ടിക മണ്ഡലത്തിലെ നവകേരള സദസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ തോതിലുള്ള മുന്നേറ്റമാണ് കഴിഞ്ഞ ഏഴു വർഷം കൊണ്ടുണ്ടായത്. കാർഷിക രംഗത്തും വലിയ മുന്നേറ്റമുണ്ടായി. നെൽകൃഷി ഇരട്ടിയായി. പാൽ, മുട്ട തുടങ്ങിയവയുടെ ഉൽപാദനത്തിൽ നമ്മൾ സ്വയം പര്യാപ്തതയിലെത്തി. പൂട്ടാൻ പോയ സ്കൂളുകൾ ഹൈടെക് ലാബുകളും സ്മാർട്ട് ക്ലാസ് മുറികളുമായി ലോകോത്തര നിലവാരത്തിലെത്തിച്ചു.
സാമ്പത്തികമായി വലിയ രീതിയിലുള്ള ഉപരോധം സംസ്ഥാനത്തിന്റെ ഭരണ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന തലത്തിലേയ്ക്ക് എത്തിച്ചിരിക്കുന്നു. ഏകീകൃത നികുതി സംവിധാനം നടപ്പാക്കിയ രാജ്യത്ത് ഒരു സംസ്ഥാനത്തിന് 57,000 കോടി രൂപയുടെ വിഹിതം നിഷേധിക്കുന്നത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. ഇക്കാര്യങ്ങളെല്ലാം ജനസമക്ഷം കൊണ്ടുവരുന്നതിനാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്.