പുതുതായി വാങ്ങിയ കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാനായി നല്‍കിയ അപേക്ഷ സമയം തീര്‍ന്നതായി കാണിച്ച് നിരസിച്ചതിനെതിരേ നല്‍കിയ പരാതിയില്‍ 25,000 രൂപ പിഴയിട്ട്  ജില്ലാ ഉപഭോക്തൃ കമ്മിഷന്‍. തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ അലി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനും  എതിരായി സമര്‍പ്പിച്ച ഹരജിയിലാണ് വിധി. പരാതിക്കാരന്‍ പുതുതായി വാങ്ങിയ കാറിന് ഇഷ്ടനമ്പര്‍ ലഭിക്കുന്നതിനായി 5,000 രൂപ കെട്ടിവച്ചിരുന്നു.
കൂടുതല്‍പേര്‍ അതേനമ്പറിന് അപേക്ഷിച്ചതിനാല്‍ നമ്പര്‍ ലേലത്തിന് വെക്കുകയും വൈകുന്നേരം അഞ്ചുമണി വരെ ലേലം വിളിക്കാനുള്ള സമയം അനുവദിക്കുകയും ചെയ്തു. 25,000 രൂപയ്ക്ക് ഇഷ്ട നമ്പര്‍ ലേലത്തില്‍  വിളിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും സമയം തീര്‍ന്നതായി കാണിച്ച് അപേക്ഷ നിരസിക്കുകയായിരുന്നു. 1 മിനിട്ടും 43 സെക്കന്റും ബാക്കി നില്‍ക്കെയാണ് പരാതിക്കാരന്റെ അപേക്ഷ നിരസിച്ചതെന്നാണ് പരാതി.

തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിനെതിരേ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു. ലേല നടപടികളുടെ നിയന്ത്രണം നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനാണെന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ ബോധിപ്പിച്ചതിനെത്തുടര്‍ന്ന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനെ കക്ഷി ചേര്‍ത്തു.
തെളിവുകള്‍ പരിശോധിച്ച കമ്മീഷന്‍ പരാതി ശരിവെക്കുകയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനോട് പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവ് നല്‍കാനും ഉത്തരവിട്ടു. ഒരുമാസത്തിനകം ഉത്തരവ് നടപ്പാക്കാത്ത പക്ഷം പരാതിക്കാരന് 12 ശതമാനം പലിശ നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മാഈല്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.