അർഹരായവരെ കണ്ടെത്തി രജിസ്ട്രേഷൻ നടത്താൻ സാമൂഹ്യ സുരക്ഷാ മിഷൻ
ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി) ലഭിക്കുന്നതിനായി മലപ്പുറം ജില്ലയിൽ നിന്നും ഇതു വരെ സ്വാവലംബൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 65,249 പേർ. ഭിന്നശേഷി സൗഹൃദ മലപ്പുറം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഭിന്നശേഷികാർക്കും മെഡിക്കൽ സർട്ടിഫിക്കറ്റും ഏകീകൃത തിരിച്ചറിയൽ കാർഡും ലഭ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് ജില്ലാ സാമൂഹ്യ സുരക്ഷാ മിഷൻ.
ഭിന്നശേഷിയുള്ളവർക്ക് എളുപ്പത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാകാൻ ഉപകരിക്കുന്ന ഏകീകൃത തിരിച്ചറിയൽ കാർഡാണ് യു.ഡി.ഐ.ഡി കാർഡ്. സ്വാവലംബൻ പോർട്ടൽ വഴിയാണ് (www.swavlambancard.gov.in) അപേക്ഷ സമർപ്പിക്കേണ്ടത്. എല്ലാ ജില്ലാ, താലൂക്ക്, ജനറൽ ആശുപത്രികളും മെഡിക്കൽ ബോർഡുകൾ കൂടുന്ന മറ്റു ആശുപത്രികളും മെഡിക്കൽ കോളേജുകളും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും ഈ പോർട്ടലിൽ കണ്ണികളാണ്. സർക്കാർ ഉത്തരവ് പ്രകാരം നിലവിൽ സ്വവലംബൻ പോർട്ടൽ വഴി മാത്രമേ ഭിന്നശേഷി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നൽകുവാൻ പാടുള്ളൂ.2015 ലെ ഭിന്നശേഷി സർവ്വേ പ്രകാരം മലപ്പുറം ജില്ലയിൽ 96,447 പേരാണ് ഭിന്നശേഷിക്കാരായി ഉള്ളത്. ഇതിൽ 65 ശതമാനം പേരാണ് (65,249 പേർ) നിലവിൽ ഏകീകൃത കാർഡ് ലഭിക്കുന്നതിനായി സ്വാവലംബൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 7507 പേർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരോ, സർട്ടിഫിക്കറ്റിന്റെ കാലാവധി തീരുകയോ ചെയ്തവരാണ്. രേഖകളുടെ ആധികാരികത ഉറപ്പാക്കാൻ കഴിയാത്തതിനാൽ പോർട്ടലിൽ രജിസ്റ്റർ ചെയ്ത 7582 പേരുടെ അപേക്ഷ നിരസിക്കപ്പെട്ടിട്ടുണ്ട്. മതിയായ രേഖകളില്ലാത്തതിനാൽ 5258 പേരുടെ അപേക്ഷയും വെരിഫിക്കേഷൻ നടത്താൻ സാധിക്കാതെ വെച്ചിരിക്കുകയാണ്. നിലവിൽ സാധുവായ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ളവരും എന്നാൽ യു.ഡി.ഐ.ഡി കാർഡ് ലഭിക്കാത്തവരുമായ എല്ലാവർക്കും കാർഡ് ലഭ്യമാക്കാനുള്ള പ്രക്രിയ ആരോഗ്യ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.
മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വന്തമായോ അക്ഷയ കേന്ദ്രം വഴിയോ സ്വാവലംബൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ഒപ്പ്/വിരലടയാളം, മൊബൈൽ നമ്പർ, ഫോട്ടോ, വിലാസം തെളിയിക്കുന്നതിനുള്ള രേഖ, ആധാർ എന്നിവ ഉണ്ടായിരിക്കണം. നിലവിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുള്ളവർ അപേക്ഷയോടൊപ്പം അതുകൂടി അപ്ലോഡ് ചെയ്യണം. ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉള്ളവർ തിരിച്ചറിയൽ കാർഡിന് വേണ്ടിയും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിനും തിരിച്ചറിയൽ കാർഡിനും വേണ്ടിയാണ് അപേക്ഷ സമർപ്പിക്കുന്നത്. സർട്ടിഫിക്കറ്റ് പുതുക്കേണ്ടവർക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ മെഡിക്കൽ ബോർഡ് പരിശോധിച്ച ശേഷം ഭിന്നശേഷിയുടെ തരം അനുസരിച്ച് യു.ഡി.ഐ.ഡി കാർഡും ഡിസബിലിറ്റി സർട്ടിഫിക്കറ്റും നൽകും.
ജില്ലയിൽ നിന്നും അർഹരായ കൂടുതൽ പേരെ സ്വാവലംബൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനായി സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ യു.ഡി.ഐ.ഡി മെഡിക്കൽ ബോർഡ് സർട്ടിഫിക്കേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു വരികയാണ്. ഒരു ആഴ്ചയിൽ രണ്ട് എന്ന തോതിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് അർഹരായ എല്ലാവരെയും മൂന്നു മാസത്തിനകം സ്വാവലംബൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കാനുള്ള ശ്രമത്തിലാണ് സാമൂഹ്യ സുരക്ഷാ മിഷൻ.