ജില്ലയിലെ അരിവാള്‍ രോഗബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ പഠന പുരോഗതി, മാർഗ്ഗ നിർദേശങ്ങൾ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മാനന്തവാടിയില്‍ സംസ്ഥാനതല ദ്വിദിന ശില്പശാല നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സില്‍ സിക്കിള്‍സെല്‍ അനീമിയ രോഗികളുടെ സംഘടന ഉന്നയിച്ച വിവിധ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ശില്പശാലക്ക് നേതൃത്വം നൽകുന്നത് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയാണ്.

മാനന്തവാടി ഗ്രീന്‍സ് റസിഡന്‍സിയില്‍ നടക്കുന്ന ശില്പശാലയില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്‍, കല്‍പ്പറ്റ നഗരസഭാ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി ദിനീഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി, എസ്.സി.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ ഡോ അനില്‍കുമാര്‍, വിവിധ വകുപ്പ് ജില്ലാ മേധാവികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപക പരിശീലകര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സ് എന്നിവര്‍ പങ്കെടുത്തു. ശില്പശാലയുടെ ഭാഗമായി നാളെ കോളനി സന്ദര്‍ശനവും നടക്കും.