വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് നബാര്‍ഡുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയിലേക്ക് 30 ലക്ഷം രൂപ വകയിരുത്തി

സമഗ്ര വികസനത്തിന് മുന്‍ഗണന നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ വാര്‍ഷിക ബജറ്റില്‍ കൃഷി-മൃഗസംരക്ഷണം-വനിതാ-വയോജന- ഭിന്നശേഷി സൗഹൃദം, ആരോഗ്യ- വിദ്യാഭ്യാസ-സാമൂഹ്യ-യുവജന ക്ഷേമം, കായിക, റോഡ്, കുടിവെള്ളം, ശുചിത്വം ,ഭവന നിര്‍മ്മാണം മേഖലകളില്‍ ഊന്നല്‍ നല്‍കി. 68 കോടിരൂപ വരവും 67.6 കോടി രൂപ ചെലവും 37 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അവതരിപ്പിച്ചു.

ജില്ലയിലെ നെല്‍കൃഷി വികസനത്തിന് ‘നെന്മണി’ പദ്ധതിയില്‍ കൂലിചെലവ് സബ്‌സിഡിക്കായി രണ്ട് കോടിയും കാര്‍ഷിക മേഖലയില്‍ ‘പൈതൃക വിത്ത് കരുതല്‍’-പ്രാദേശിക ജൈവ വൈവിധ്യവും, പൈതൃക വിത്തുകളും പരിപാലനം, പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണന സാധ്യത സഹായം എന്നിവക്ക് 10 ലക്ഷം വീതവും വകയിരുത്തി. കാര്‍ഷിക യന്ത്രോപകരണങ്ങള്‍, ജലസേചന മോട്ടോറിന്റെ റിപ്പയര്‍ എന്നിവക്ക് 15 ലക്ഷവും ‘ക്ഷീരസാഗരം’ പദ്ധതിയില്‍ സബ്സിഡി നല്‍കാന്‍ രണ്ട് കോടി രൂപയും ക്ഷീരമിത്രം സഹകരണ സംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് ഇനത്തില്‍ 30 ലക്ഷവും വകയിരുത്തി. കറവ പശു ഇനത്തില്‍ 50000 രൂപ വീതം ആളൊന്നിന് റിവോള്‍വിംഗ് ഫണ്ടായി സംഘം മുഖേന അനുവദിക്കും. ആദ്യഘട്ടത്തില്‍ 60 പേര്‍ക്ക് ധനസഹായം നല്‍കും.

വിദ്യാഭ്യാസ മേഖലയില്‍ വിജ്ഞാന്‍ജ്യോതി, ഗോത്ര ദീപ്തി, ഉയരെ-അരികെ, പ്രഭാത ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍, കമ്പ്യൂട്ടര്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്‌കൂള്‍ കെട്ടിടങ്ങളുടെ പുനരുദ്ധാരണം ഉള്‍പ്പെടെ വിവിധ പദ്ധികള്‍ക്കായി 11.30 കോടി രൂപ വകയിരുത്തി. വിദ്യാര്‍ത്ഥിനികള്‍ക്ക് ‘ഹൈജിന്‍ കിറ്റ് ‘ പദ്ധതിക്കായി 20 ലക്ഷം ബജറ്റില്‍ വകയിരുത്തി. ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി രണ്ട് കോടി രൂപ അനുവദിച്ചു. ഭിന്നശേഷികാര്‍ക്കുള്ള ‘ശുഭയാത്ര’ പദ്ധതിക്ക് 50 ലക്ഷം സ്‌കോളര്‍ഷിപ്പ് ധനസഹായത്തിന് 42 ലക്ഷം ഉള്‍പ്പെടെ 1.47 കോടി രൂപ വകയിരുത്തി. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പദ്ധതിയില്‍ 1.60 കോടി രൂപയും കെയര്‍ ഗിവര്‍ പദ്ധതിക്ക് 10 ലക്ഷം, നവജാത ശിശുക്കളുടെ അരിവാള്‍രോഗ നിര്‍ണയത്തിന് 21 ലക്ഷം രൂപയും വകയിരുത്തി. ആയുസ്പര്‍ശം ചികിത്സാ പദ്ധതിക്ക് 30 ലക്ഷം രൂപ മാറ്റിവെച്ചു.

കായിക മേഖലക്ക് രണ്ട് കോടി രൂപ വകയിരുത്തി. മുട്ടില്‍, ഈസ്റ്റ് ചീരാല്‍, നിരവില്‍പുഴ, പടാരിക്കുന്ന്, തുമ്പക്കുനി, സ്റ്റേഡിയങ്ങള്‍, വെള്ളമുണ്ട, പൂതാടി എന്നിവടങ്ങളില്‍ കളി സ്ഥലങ്ങള്‍, വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം, ഫിറ്റ്‌നെസ് സെന്ററുകള്‍ തുടങ്ങിയ ബജറ്റില്‍ വിഭാവനം ചെയ്യുന്നു. പ്രതിഭാ പോഷണ പ്രോത്സാഹന ടാലന്റ് ഹണ്ടിന് 10 ലക്ഷം, വെള്ളമുണ്ട മൊതക്കര- ഇടത്താവളം പദ്ധതിക്ക് 50 ലക്ഷം, അനുമതി ലഭിച്ച സര്‍ക്കാര്‍ സ്‌കൂളുകളിലെ എസ്.പി.സി യൂണിറ്റിന് ബാന്റ് സെറ്റ് നല്‍കല്‍ പദ്ധതിക്ക് 15 ലക്ഷം, ദേശീയ-അന്തര്‍ ദേശീയ തലങ്ങളില്‍ കലാ-കായിക മത്സരങ്ങളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ പ്രതിഭകള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ധനസഹായ പദ്ധതിക്ക് 20 ലക്ഷം രൂപയും വകയിരുത്തി. ജില്ലയെ കാര്‍ബണ്‍ ന്യൂട്രലാക്കുന്നതിന്റെ ഭാഗമായി കാര്‍ബണ്‍ന്യൂട്രല്‍ വിദ്യാലയങ്ങള്‍, ഹാപ്പിനസ് പാര്‍ക്കുകള്‍, സൈക്കിള്‍ ക്ലബ്ബ് പദ്ധതികള്‍ക്കായി ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തി. ശുചിത്വം, മാലിന്യ സംസ്‌കരണം പദ്ധതികള്‍ക്ക് 2.49 കോടിയും കുടിവെള്ള പദ്ധതികള്‍ക്ക് 2.24കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചു. തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിനുള്ള എ.ബി.സി പദ്ധതിക്ക് 41 ലക്ഷം രൂപ വകയിരുത്തി. വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് നബാര്‍ഡുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയിലേക്ക് 30 ലക്ഷം രൂപ വകയിരുത്തി.

ഭവന രഹിതരില്ലാത്ത വയനാട് പദ്ധതിയില്‍ ഭവന നിര്‍മ്മാണത്തിന് വിവിധ പദ്ധതികളില്‍ 7.64 കോടി രൂപയും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിക്ക് 10 ലക്ഷം രൂപയും വകയിരുത്തി. വീട്ടമ്മമാര്‍, കൗമാരകാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് വൈദ്യസഹായം, കൗണ്‍സിലിംഗ് നല്‍കുന്ന സുമന പദ്ധതിക്ക് 10 ലക്ഷം രൂപയും വനിതകളുടെ കലാ ഗ്രൂപ്പ് രൂപീകരണം പരിശീലനത്തിന് രംഗശ്രീ പദ്ധതിക്ക് 10 ലക്ഷവും വകയിരുത്തി. എടവക, മേപ്പാടി, പുല്‍പ്പള്ളി-വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍, അമ്പലവയല്‍, നെന്മേനിക്കുന്ന്, പുളിയമ്പറ്റ, നെന്മേനി, പാറക്കവല, എടവക കുന്നമംഗലം, അഞ്ചുക്കുന്ന്, തിരുനെല്ലി, മൊതക്കര എന്നിവിടങ്ങളില്‍ ഫിറ്റ്‌നസ് സെന്ററുകള്‍ ഉൾപ്പെടെ വനിതാ മേഖലയിലാകെ പ്രവർത്തനങ്ങൾക്കായി 3.9 കോടി രൂപ വകയിരുത്തി.