നവീന സാങ്കതികവിദ്യയെ വ്യവസായ സംരംഭങ്ങളുമായി കൂട്ടിചേര്‍ക്കാനുള്ള സംസ്ഥാനത്തെ ആദ്യസംരംഭം കൊട്ടാരക്കരയില്‍ തുടങ്ങുന്നു. സംസ്ഥാനത്തെ ആദ്യ കാമ്പസ് ഇന്‍ഡ്സ്ട്രിയല്‍ പാര്‍ക്കാണിത്. ഇന്ന്  ഉച്ചയ്ക്ക് 12ന് ഐഎച്ച്ആർഡിയുടെ കൊട്ടാരക്കര എന്‍ജിനിയറിങ് കോളേജില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.

ഇന്‍ക്യുബേഷന്‍, ഗവേഷണ-വികസനകേന്ദ്രങ്ങള്‍, തൊഴിലിടം  അടക്കമുള്ളവയാണ് ഇവിടെഉണ്ടാകുക. തൊഴില്‍നൈപുണ്യം ഉറപ്പാക്കുന്നതിനൊപ്പം, വിദ്യാര്‍ഥികളെ തൊഴില്‍ദാതാക്കളായി മാറ്റുകയാണ് ലക്ഷ്യം. കോളേജിലെ ലോഞ്ച് എംപവര്‍ ആക്ലിലറേറ്റ് പ്രോസ്പര്‍ (ലീപ്) സെന്ററുകള്‍ കോ-വര്‍ക്കിങ് സ്പേസാക്കി മാറ്റും. 3800 ചതുശ്രയടി കെട്ടിടത്തില്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് കേന്ദ്രംസ്ഥാപിക്കുന്നത്.

പ്രമുഖ ഐ ടി കമ്പനി സോഹോയുടെ ആര്‍ ആന്‍ ഡി ലാബുകളാണ് സജ്ജമാക്കുന്നത്.  സോഹോയുടെയും ആദ്യ സംരംഭം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളുമുണ്ടാകും. ഗ്രാമീണമേഖലയിലെ ഐടിഐ, പോളിടെക്നിക് ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന കേന്ദ്രമായാകും പ്രവര്‍ത്തനം. ഉദ്ഘാടനസജ്ജമായ ക്യാമ്പസിലെ ഒരുക്കങ്ങള്‍ എം. എല്‍. എ കൂടിയായ മന്ത്രി കെ എന്‍ ബാലഗോപാല്‍ വിലയിരുത്തി. രാജ്യത്തിന് തന്നെ മാതൃകയാകും വിധമുള്ള ക്യാമ്പസായി ഇവിടം മാറുമെന്ന് അദ്ദേഹം പറഞ്ഞു.