മാര്‍ച്ച് ഒന്നു മുതല്‍ മലപ്പുറത്ത് ഹോട്ടലുകളില്‍ മധുരം, ഉപ്പ്, ഓയില്‍ എന്നിവ പരമാവധി കുറച്ചുള്ള ഭക്ഷണങ്ങള്‍ കൂടി ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര് വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ജീവിതശൈലീ രോഗങ്ങള്‍ നേരിടുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയായാണ് ജില്ലയില്‍ പുതിയ ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. നിലവിലുള്ള ഭക്ഷണ രീതികള്‍ തുടരുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഓയില്‍, കൃത്രിമ നിറങ്ങള്‍, അമിതമായ ഉപ്പ്, പഞ്ചസാര എന്നിവ കുറവുള്ള ഭക്ഷണങ്ങള്‍ കൂടി സമാന്തരമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ കളക്ടറേറ്റിലുള്‍പ്പടെ ഔദ്യോഗിക പരിപാടികളിലും യോഗങ്ങളിലും മധുരം ഒഴിവാക്കിയുള്ള ചായ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ വകുപ്പിനെ കൂടാതെ ആരോഗ്യ വകുപ്പ്, ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ്സ് അസോസിയേഷന്, ബേക്കേഴ്സ് അസോസിയേഷന്, ട്രോമാകെയര്‍, റെസിഡന്‍സ് അസോസിയേഷന് എന്നിവരുടെ സഹായത്തോടെയാണ് ജില്ലയില്‍ ക്യാംപയിന് പരിപാടികള്‍ നടപ്പിലാക്കുന്നത്. കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവരുടെയും സഹകരണം ഉറപ്പാക്കും.
എണ്ണ പലഹാരങ്ങള്‍ക്ക് പകരം ആവിയില്‍ വേവിച്ചെടുത്ത പലഹാരങ്ങള്‍ നല്കുന്ന ഹെല്‍ത്തി ഷെല്‍ഫ് ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നടപ്പിലാക്കും. വീടുകളില്‍ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നവര്‍ തട്ടുകടകള്‍ ഉള്‍പ്പടെ എല്ലാ മേഖലയിലുള്ളവരെയും ഉള്‍പ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുക. പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ക്യാമ്പയിന് സന്ദേശങ്ങള്‍ എല്ലാ ഹോട്ടലുകളിലും ബേക്കറി സ്ഥാപനങ്ങളിലും സ്ഥാപിക്കും. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ഫുഡ് വ്ലോഗര്‍മാര്‍ക്കെതിരെ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു.
ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ഭക്ഷ്യസുരക്ഷാ നോഡല്‍ ഓഫീസര്‍ അബ്ദുല്‍ റഷീദ്, ബേക്കേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് സീഗോ ബാവ, കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് സി.എച്ച് അബ്ദുസമദ്, ട്രോമാകെയര്‍ പ്രതിനിധി പ്രതീഷ്, റസിഡന്റ്സ് അസോസിയേഷന് പ്രതിനിധി റഷീദ് എന്നിവര്‍ അംഗങ്ങളായി സമിതി രൂപീകരിച്ചു. ഫെബ്രുവരി 27 ന് തുടര്‍ യോഗം ചേരാനും തീരുമാനിച്ചു. കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ വി.കെ പ്രദീപ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻ്റ് കമ്മീഷണർ ഡി. സുജിത് പെരേര, ജില്ലയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.