ഐസിഡിഎസ്സിന്റ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പോഷൻ പക്വാഡ ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ന്യൂട്രീഷ്യൻ കമ്മിറ്റി യോഗം ചേർന്നു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 15 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ മാർച്ച് മാസം നടത്താൻ തീരുമാനിച്ചു.
അങ്കണവാടി തലം മുതൽ ജില്ലാതലം വരെ വൈവിധ്യമായ പരിപാടികൾ മാസാചരണത്തിന്റെ ഭാഗമായി നടക്കും. ബോധവത്കരണ ക്ലാസുകൾ, അനീമിയ സ്ക്രീനിംഗ്, ആരോഗ്യ പരിശോധന ക്യാമ്പുകൾ, എക്സിബിഷനുകൾ, സെമിനാറുകൾ, പോഷൻ റൺ, വിവിധ കലാപരിപാടികൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ചെറുധാന്യങ്ങളുടെ പ്രാധാന്യം, പോഷണനിലവാരമുള്ള ഭക്ഷണ ശൈലി, ന്യൂനപോഷണം തൂക്കക്കുറവ്, വളർച്ചാശോഷണം, വളർച്ച മുരടിപ്പ് എന്നിവയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
പോഷൻ അഭിയാൻ ജില്ലാ കോർഡിനേറ്റർ അനശ്വർ ക്യാമ്പയിൻ ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയ്ൻ, ഐസിഡിഎസ്സ് പോഗ്രാം ഓഫീസർ പി.പി അനിത മറ്റു ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.