• തുല്യതാ പഠനം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തുറന്ന് നല്‍കുന്നത് വലിയ സാധ്യതകള്‍: മന്ത്രി ഡോ. ആര്‍. ബിന്ദു
  • കോളേജുകളില്‍ ഒരു കോഴ്‌സില്‍ രണ്ട് സീറ്റ് വീതം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് മാറ്റിവെക്കും

തുല്യതാ പഠനത്തിലൂടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മുന്നില്‍ വലിയ സാധ്യതകളാണ് തുറക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ആലുവയില്‍ സമന്വയ തുടര്‍ വിദ്യാഭ്യാസ പദ്ധതി പഠിതാക്കളുടെ സംഗമവും ഏകദിന ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരള സംസ്ഥാന സാക്ഷരതാ മിഷനും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സമന്വയ. ഈ പദ്ധതിക്ക് സാമ്പത്തികപരവും സ്ഥാപനപരവുമായി പിന്തുണ നല്‍കാന്‍ കഴിയുന്നു എന്നത് സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്ത വലിയ ഉത്തരവാദിത്തമാണ്. പഠനത്തിലേക്ക് കടന്നു വരാന്‍ സാധിക്കാത്ത പഠനം പാതിവഴിയില്‍ മുറിഞ്ഞു പോയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വ്യക്തികളെ ശാക്തീകരിക്കാന്‍ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. പഠിച്ചു മുന്നേറുന്നതിലൂടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഒത്തിരി നേട്ടങ്ങള്‍ കൈവരിക്കാനും സമൂഹത്തിന്റെ മുന്‍നിരയില്‍ ഇടം കണ്ടെത്താനും കഴിയും.

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ പുനരധിവാസത്തിനും ശാക്തീകരണത്തിനുമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. സ്കൂൾ, കോളേജ് പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇഷ്ടമുള്ള കോഴ്‌സുകള്‍ ഇഷ്ടമുള്ള കോളേജുകളില്‍ പഠിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പുവരുത്തും. കോളേജുകളില്‍ ഒരു കോഴ്‌സില്‍ രണ്ട് സീറ്റ് വീതം ട്രാന്‍സ്‌ജെന്‍ഡേര്‍സിന് മാറ്റിവെക്കാന്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ പ്രായപരിധിയില്ലാതെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് ഉന്നത വിദ്യാഭ്യാസം നേടാന്‍ സാധിക്കും. ഇതിനായി ഇവര്‍ക്ക് കോളേജുകളില്‍ ചേരുന്നതിനുള്ള പ്രായപരിധി എടുത്ത് മാറ്റിയിട്ടുണ്ട്.ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ വഴി പഠനം നടത്തുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഇവര്‍ക്ക് സാമ്പത്തികമായി പിന്തുണ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ നിലവിലുള്ള പഠന വീട് മാതൃകയില്‍ എല്ലാ ജില്ലകളിലും പഠന വീട് നിര്‍മ്മിക്കും. ട്രാന്‍സ്‌ജെന്‍ഡേര്‍സിനായി ഒരു ഭവന പദ്ധതി രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നൈപുണ്യ വികസനം തൊഴില്‍ പരിശീലനം എന്നിവ ഉറപ്പുവരുത്തും. മികച്ച വ്യവസായ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ട്രാന്‍സ് ജെന്‍ഡേഴ്‌സിനായി തൊഴില്‍മേളകള്‍ സംഘടിപ്പിക്കും. സമഭാവനയില്‍ അധിഷ്ഠിതമായ നവകേരളം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ലിംഗപദവിയുമായി സമൂഹത്തില്‍ യാഥാസ്ഥികമായി നിലനില്‍ക്കുന്നു സ്ത്രീ പുരുഷന്‍ എന്ന ബോധത്തിനപ്പുറം എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന തരത്തില്‍ സമൂഹം മാറണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ മുഖ്യപ്രഭാഷണം നടത്തി. ആലുവ നഗരസഭ ചെയര്‍മാന്‍ എം. ഒ ജോണ്‍ സമന്വയ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടര്‍ എ. ജി ഒലീന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. എസ് ഷിനോ, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ വി. ജെ ബിനോയ്, വിജയരാജ മല്ലിക, ശ്യാമ എസ് പ്രഭ , സമന്വയ പഠിതാക്കള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.