# പൂക്കോട് വെറ്ററിനറി സര്‍വകലാശാല ബിരുദദാനം മന്ത്രി നിര്‍വഹിച്ചു

കര്‍ഷകര്‍ ഇതര മേഖലകളിലേക്ക് ചുവടുമാറുന്ന സാഹചര്യത്തില്‍ വെറ്ററിനറി ബിരുദധാരികളുടെ ഇടപ്പെടല്‍ അത്യാവശ്യമാണെന്ന് വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ രണ്ടാമത് ബിരുദദാനം പൂക്കോട് സര്‍വകലാശാല ആസ്ഥാനത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു വെറ്റിനറി സര്‍വകലാശാല പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങളുണ്ടെന്ന് കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ കഴിയണം. അവരെ മാന്യമായ ജീവിതം സ്വപ്നംകാണാന്‍ സഹായിക്കണം. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട കര്‍ഷകരെ തിരികെ കൊണ്ടുവരാന്‍ എളുപ്പമല്ല. മെച്ചപ്പെട്ട ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമെന്ന് അവരെ ബോധ്യപ്പെടുത്തണം. വെള്ളപ്പൊക്കവും കാലാവസ്ഥ വ്യതിയാനവുമാണ് സമീപകാലത്തുണ്ടായ പ്രധാന പ്രതിസന്ധി. ഇതു തരണം ചെയ്യാന്‍ നൂതന പരിഹാരങ്ങളുമായി മുന്നോട്ടുപോവേണ്ടതുണ്ട്. ഈ രണ്ടു വിഷയങ്ങളിലും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ സര്‍വകലാശാലയ്ക്ക് കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വെറ്ററിനറി,ഡയറി, പൗള്‍ട്രി സയന്‍സ് വിഷയങ്ങളില്‍ ഡോക്‌ട്രേറ്റ്, ബിരുദാനന്തര ബിരുദം, ബിരുദം, ഡിപ്ലോമ എന്നിവയില്‍ 2016 -17 വര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ 226 വിദ്യാര്‍ത്ഥികള്‍ക്കാണ് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതില്‍ എട്ട് പേര്‍ ഡോക്‌ട്രേറ്റ് വിദ്യാര്‍ത്ഥികളാണ്. വിവിധ വിഷയങ്ങളിലെ റാങ്ക് ജേതാക്കളായ 18 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയുടെ സ്വര്‍ണ്ണ മെഡലും, പ്രശസ്തി പത്രവും ചടങ്ങില്‍ വിതരണം ചെയ്തു. മണ്ണൂത്തി വെറ്ററനറി സയന്‍സ്, മണ്ണൂത്തി ഡയറി സയന്‍സ്, പൂക്കോട് വെറ്ററനറി സയന്‍സ്, പൂക്കോട് ഡയറി സയന്‍സ്, പാലക്കാട് തിരുവായംകുന്ന് ഏവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികളാണ് സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.
തമിഴ്‌നാട് വെറ്ററിനറി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ബാലചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ അനില്‍ സേവ്യര്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ. ജോസഫ് മാത്യൂ നന്ദിയും പറഞ്ഞു. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, സര്‍വകലാശാല ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗങ്ങള്‍, മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.