അനാചാരങ്ങള്‍ക്കെതിരെ നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരള ജനത നേടിയെടുത്ത അവകാശങ്ങള്‍ ആരുടെ മുന്നിലും അടിയറവ് വയ്ക്കരുതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാമൂഹിക ജീവിതത്തില്‍ നിര്‍ണായകമായ വഴിത്തിരിവുകള്‍ ഉണ്ടാക്കിയ നിരവധി ചരിത്ര സംഭവങ്ങളുണ്ട്. അത്തരത്തിലൊന്നായിരുന്നു ക്ഷേത്രപ്രവേശന വിളംബരം. ക്ഷേത്രപ്രവേശനത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തി രക്തസാക്ഷിയായ ആളായിരുന്നു ആറാട്ടാപുഴ വേലായുധപണിക്കര്‍. സവര്‍ണ സ്ത്രീകള്‍ ധരിച്ചിരുന്ന അച്ചിപ്പുടവ ധരിക്കാന്‍ അവകാശമില്ലാതിരുന്ന വിഭാഗങ്ങളെ അത് ധരിപ്പിച്ച് പരസ്യമായി അനാചാരത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തിയ അദ്ദേഹത്തെ അക്കാലത്തെ പ്രമാണിമാര്‍ കൊലപ്പെടുത്തുകയാണുണ്ടായത്. ശ്രീനാരായണഗുരുവിന് മുമ്പുതന്നെ അനാചാരങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളും പ്രക്ഷോഭങ്ങളും നിലനിന്നിരുന്നുവെങ്കിലും ശ്രീനാരായണ ഗുരുവിന്റെ കാലത്താണ് നവോത്ഥാന മൂല്യങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി കൈവന്നത്. സവര്‍ണര്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ അവര്‍ണരെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ ഉള്ളൂര്‍ എസ്.പരമേശ്വര അയ്യര്‍ക്ക് സമുദായം ഭ്രഷ്ട് കല്‍പ്പിച്ചു. ഗുരുവായൂര്‍ സത്യാഗ്രഹത്തിലും വൈക്കം സത്യാഗ്രഹത്തിലും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടായിരുന്നു. ചില ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ പാടില്ലായിരുന്നു. നമ്പൂതിരിമാര്‍ക്ക് നായര്‍ സ്ത്രീകളിലുണ്ടാകുന്ന കുട്ടികള്‍ക്ക് അച്ഛനെ കാണാന്‍ അനുവാദമുണ്ടായിരുന്നില്ല. ഇത്തരത്തില്‍ നിരവധി അനാചാരങ്ങള്‍ നിലനിന്നിരുന്ന സമൂഹത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശിയത് നവോഥാന പ്രസ്ഥാനങ്ങളായിരുന്നു. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി, അയ്യാ വൈകുണ്ഠസ്വാമികള്‍, പൊയ്കയില്‍ കുമാരഗുരുദേവന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങി നിരവധി സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നവോഥാനത്തിന് വഴി തെളിച്ചത്. ഈ പാരമ്പര്യവും നവോഥാന മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്. ആരാധനയ്ക്കുള്ള അവകാശത്തില്‍ ഒരു തരത്തിലും വിവേചനം പാടില്ല. ലിംഗത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് നവോത്ഥാന മൂല്യങ്ങള്‍ക്ക് എതിരാണ്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ഒരു വിധിയാണ് അടുത്തകാലത്ത് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ചിത്രപ്രദര്‍ശനത്തിന്റെയും ജനകീയ ചിത്രരചനയുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കേരളത്തിന്റെ നവോഥാന ചരിത്രത്തിലെ നേട്ടങ്ങളെല്ലാം സമരങ്ങളിലൂടെയാണ് നേടിയിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ബ്രിട്ടീഷ് ഗവണ്‍മെന്റ് അനുവദിച്ചുനല്‍കിയ അവകാശങ്ങള്‍ പോലും ഒരു വിഭാഗത്തിന് അനുവദിക്കുവാന്‍ ബൂര്‍ഷ്വാ ജനവിഭാഗങ്ങള്‍ തയാറാകാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇത്തരം പ്രതിലോഭശക്തികള്‍ക്കെതിരെ നടന്ന ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്ന് നാം കാണുന്ന പല അവകാശങ്ങളും നേടിയെടുത്തത്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം ഏറെ പ്രസക്തിയുള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മഹാത്മാഗാന്ധിയുടെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ അടൂരില്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന പരിപാടികള്‍ അനാചാരങ്ങളെ തിരികെ കൊണ്ടുവരാനുള്ള സമൂഹത്തിലെ ചെറുക്കുന്നതിനുള്ള വേദിയായി മാറുമെന്നും എംഎല്‍എ പറഞ്ഞു.
കവിയും മാധ്യമ പ്രവര്‍ത്തകനുമായ ഏഴാച്ചേരി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എഡിഎം പി.റ്റി.എബ്രഹാം, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ വര്‍ക്കേഴ്‌സ് എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട്് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍, മുന്‍ എംഎല്‍എ കെ.സി.രാജഗോപാലന്‍, പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ എ.പി.ജയന്‍, ജില്ലാ പഞ്ചായത്തംഗം ബി.സതികുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി.പ്രസന്നകുമാരി, കുഞ്ഞന്നാമ്മ കുഞ്ഞ്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എ.പി.സന്തോഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, അസിസ്റ്റന്റ് എഡിറ്റര്‍ പി.ആര്‍.സാബു വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ.പി.ഉദയഭാനു, ഡി.സജി, അടൂര്‍ നരേന്ദ്രന്‍, ആറ•ുള വാസ്തുവിദ്യാ ഗുരുകുലം പ്രതിനിധി എന്‍.വിശ്രുതന്‍ ആചാരി തുടങ്ങിയവര്‍ പങ്കെടുത്തു.
മഹാത്മാഗാന്ധിക്ക് അയിത്തം കല്‍പ്പിച്ച ഇണ്ടംതുരുത്തിമന
ഇപ്പോള്‍ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ് – കവി
എഴാച്ചേരി രാമചന്ദ്രന്‍
അയിത്തോച്ചാടനവും ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട സമവായ ചര്‍ച്ചകള്‍ക്കായി എത്തിയ മഹാത്മാഗാന്ധിയെ അകത്ത്് പ്രവേശിപ്പിക്കാത്ത ഇണ്ടംതുരുത്തിമന ഇപ്പോള്‍ എഐടിയുസിയുടെ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസാണെന്ന് കവിയും മാധ്യമ പ്രവര്‍ത്തകനുമായ ഏ ഴാച്ചേരി രാമചന്ദ്രന്‍ പറഞ്ഞു. ക്ഷേത്രപ്രവേശനവിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോടനുബന്ധിച്ച് അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അനാചാരങ്ങള്‍ക്കെതിരെയുള്ള പേരാട്ടങ്ങള്‍ക്കെതിരെ എക്കാലത്തും ആള്‍ക്കൂട്ടങ്ങള്‍ നിരത്തുകളില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ആള്‍ക്കൂട്ടങ്ങളെ പേടിച്ച് നവോത്ഥാന ആശയങ്ങളില്‍ നിന്ന് പിന്നോട്ടു പോകുന്നത് ചരിത്രത്തെ പിന്നോട്ടടിക്കലാകുമെന്ന് വയലാറിന്റെ പ്രസിദ്ധമായ തുടരുക നിങ്ങള്‍ നിന്നേടത്തുനിന്നിനി തുടരുകീ മോചന യുദ്ധം എന്ന വരികള്‍ ഉദ്ധരിച്ച് പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടി അടുത്തിടെ ഇന്‍ഡ്യയിലെ പരമാധികാര കോടതി നല്‍കിയ അവസരം വിനിയോഗിക്കാന്‍ എല്ലാ സ്ത്രീകളും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.