ക്ഷേത്രപ്രവേശന വിളംബരം കേരളത്തിന്റെ നവോഥാന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നുവെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ ഇന്ന് മുതല്‍ നടക്കുന്ന ആഘോഷപരിപാടികളുടെ മുന്നോടിയായുള്ള വിളംബര ഘോഷയാത്രയില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ജാതിമതവര്‍ഗവര്‍ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സഞ്ചാര സ്വാതന്ത്ര്യമനുവദിച്ചതുപോലെ വിപ്ലവകരമായ തീരുമാനമായിരുന്നു ക്ഷേത്രപ്രവേശന വിളംബരം. കേരളത്തിന്റെ സാമൂഹ്യ നവോഥാനത്തില്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഇതിന്റെ 82-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ന് മുതല്‍ 12 വരെ അടൂരില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ സമൂഹത്തിന്റെ എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരുടെയും സഹകരണം ഉണ്ടാകണമെന്നും എംഎല്‍എ പറഞ്ഞു.
അടൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷൈനി ജോസ്, നഗരസഭാ കൗണ്‍സിലര്‍മാരായ എന്‍.റ്റി.രാധാകൃഷ്ണന്‍, ആര്‍.സനല്‍കുമാര്‍, സിന്ധു തുളസീധരക്കുറുപ്പ്, പന്തളം നഗരസഭാ കൗണ്‍സിലര്‍ ആര്‍.ജയന്‍, മുന്‍ എംഎല്‍എ ആര്‍.ഉണ്ണികൃഷ്ണപിള്ള, പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ എ.പി.ജയന്‍, സാമൂഹ്യസാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, അടൂര്‍ ഹോളി എഞ്ചല്‍സ്, സെന്റ് മേരിസ് യുപി സ്‌കൂള്‍,  അടൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടൂര്‍ ഗാന്ധിസ്‌ക്വയറില്‍ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര എസ്എന്‍ഡിപി യൂണിയന്‍ ഓഫീസിന് മുന്നില്‍ സമാപിച്ചു.