ഉറക്കം മറന്ന്, ഊർജസ്വലതയുടെ ഉണർവ്വുമായി ഇരുളിനെ കീറി മുറിച്ച് ഐക്യ സന്ദേശവുമായി അവർ കണ്ണൂരിന്റെ രാവിനെ പകലാക്കി. കണ്ണൂർ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്ന് കണ്ണൂരിൽ സംഘടിപ്പിച്ച ‘റൺ ഫോർ യൂണിറ്റി’ പാതിരാ കൂട്ടയോട്ടം മിഡ്നൈറ്റ് മാരത്തോൺ അഞ്ചാം എഡിഷൻ സാമൂഹിക ഐക്യം, സ്ത്രീ സുരക്ഷ, ആരോഗ്യമുള്ള സമൂഹം എന്നീ സന്ദേശങ്ങൾ നൽകി നാടിന് പ്രചോദനമായി.
പുരുഷന്മാരുടെ വിഭാഗത്തിൽ റോയൽ റണ്ണേഴ്സ് കാലിക്കറ്റ് ജേതാക്കളായി. സുബൈർ, അതുൽ, റഫീക്ക്, ഷിബിൻ, സഹീർ എന്നിവരായിരുന്നു ടീം അംഗങ്ങൾ. വനം വകുപ്പ് ഉത്തരമേഖലാ സി.സി.എഫ് കെ.എസ് ദീപ നയിച്ച ടീം വനിതാ വിഭാഗത്തിൽ ഒന്നാമതെത്തി. സുധിന ദീപേഷ്, നവ്യ നാരായണൻ, സെവിൽ ജിഹാൻ, ആൻ മേരി തോമസ് എന്നിവരാണ് ടീം അംഗങ്ങൾ. പുരുഷ വിഭാഗത്തിൽ കണ്ണൂർ മാസ്റ്റേഴ്സ് രണ്ടാമതും ഇമ്മോർട്ടൽ കണ്ണൂർ മൂന്നാമതും എത്തി. വനിതാ വിഭാഗത്തിൽ മറിയം മമ്മിക്കുട്ടി നയിച്ച കണ്ണൂർ യൂനിവേഴ്സിറ്റി ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർഥികളുടെ വിഭാഗത്തിൽ നിർമലഗിരി ഐ.ടി.ഐ., പയ്യന്നൂർ കോളേജ്, കണ്ണൂർ പോളിടെക്നിക് എന്നിവിടങ്ങളിലെ വിദ്യാർഥികൾ അടങ്ങിയ ടീം ഒന്നാമതെത്തി.
ടീം അംഗങ്ങൾ: അഖിൽ, അഭിനയ്, അതുൽ, വൈഷ്ണവ്, ആദർശ്. രണ്ടാം സ്ഥാനം വിഘ്നയ് നയിച്ച യുവധാര കതിരൂർ നേടി. മേജർ രവി അക്കാദമി കണ്ണൂർ മൂന്നാം സ്ഥാനം നേടി. മിക്സഡ് വിഭാഗത്തിൽ ക്യാപ്റ്റൻ അക്കാദമി ചെറുപുഴ ഒന്നാമതായി. ആൽഫി, ഇജാസ്, നിയ, ശ്രീതു, മഞ്ജിമ എന്നിവരാണ് ടീം അംഗങ്ങൾ. സ്പോർട്സ് സ്കൂൾ കണ്ണൂർ രണ്ടാം സ്ഥാനം നേടി. വി.പി.ഡി.സി വടകര മൂന്നാമതായി. ഗവ. ജീവനക്കാർ വിഭാഗത്തിൽ ഇൻഷൂറൻസ് മെഡിക്കൽ സർവീസ് ടീം ഒന്നാമതായി. രണ്ടാം സ്ഥാനം കണ്ണൂർ യൂനിവേഴ്സിറ്റിയും മൂന്നാം സ്ഥാനം വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയും നേടി. യൂനിഫോം കാറ്റഗറിയിൽ കാലിക്കറ്റ് റൂറൽ പോലീസ് ടീം ഒന്നാമതായി. ഡി.എസ്.സി റെക്കോർഡ്സ് രണ്ടാമതായി. സീനിയർ സിറ്റിസൺ വിഭാഗത്തിൽ ഖാലിദിന്റെ നേതൃത്വത്തിലുള്ള ടീം ഒന്നാമതായി.
മാർച്ച് ഒന്നിന് രാത്രി 11 മണിക്ക് കളക്ടറേറ്റ് പരിസരത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മിഡ്നൈറ്റ് മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു. കെ.വി. സുമേഷ് എം.എൽ.എ., ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, വനം വന്യജീവി വകുപ്പ് ഉത്തരമേഖലാ സി.സി.എഫ്. കെ.എ.സ് ദീപ, ഡി.ടി.പി.സി. സെക്രട്ടറി ശ്യാം എന്നിവർ പങ്കെടുത്തു.
വാം അപ്പോടെ തുടങ്ങിയ കൂട്ടയോട്ടം സമാപിക്കുമ്പോഴേക്കും ഞായറാഴ്ച പുലർച്ചെ 12.30 മണിയായിരുന്നു. താവക്കര, പുതിയ ബസ് സ്റ്റാൻഡ് റോഡ്, ഫോർട്ട് റോഡ്, പ്രഭാത് ജംഗ്ഷൻ, സെന്റ് മൈക്കിൾസ് സ്കൂൾ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീനാരായണ പാർക്ക്, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ്, ടൗൺ സ്ക്വയർ, താലൂക്ക് ഓഫീസ് വഴി തിരികെ കളക്ടറേറ്റിലാണ് ഓട്ടം പൂർത്തിയാക്കിയത്.
അഞ്ച് പേരടങ്ങുന്ന ടീമുകളായാണ് പങ്കെടുത്തത്. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും ടീഷർട്ടും മത്സരം പൂർത്തിയാക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ചിരട്ട കൊണ്ട് തയ്യാറാക്കിയ മെഡലും സമ്മാനിച്ചു സ്ത്രീകൾ മാത്രം ഉൾപ്പെട്ട ടീമുകൾ, പുരുഷന്മാർ മാത്രം ഉൾപ്പെട്ട ടീമുകൾ, സ്ത്രീ-പുരുഷൻ മിശ്ര ടീമുകൾ, യൂണിഫോം സർവീസ് (മിലിട്ടറി, പോലീസ്, ഫയർഫോഴ്സ്, എക്സൈസ്, ഫോറസ്റ്റ്) ടീമുകൾ, സ്കൂൾ/കോളേജ് വിദ്യാർത്ഥികളുടെ ടീമുകൾ, മുതിർന്ന പൗരൻമാരുടെ ടീമുകൾ, സർക്കാർ ജീവനക്കാരുടെ ടീമുകൾ എന്നിങ്ങനെ ഏഴ് ഗ്രൂപ്പുകളായാണ് മത്സരം നടത്തിയത്. 800 ലധികം പേർ മാരത്തണിൽ പങ്കാളികളായി. സോഷ്യൽ ജസ്റ്റിസ് ഡിപാർട്ട്മെന്റിനെ പ്രതിനിധീകരിച്ച് ട്രാൻസ്ജെൻഡറുകളും കൂട്ടയോട്ടത്തിൽ പങ്കെടുത്തു. അഞ്ച് വയസ്സുകാരി മാളവിക ഓട്ടത്തിലെ പ്രായം കുറഞ്ഞ മത്സരാർത്ഥിയായപ്പോൾ 65 കാരൻ ഖാലിദ് പ്രായം കൂടിയ മത്സരാർത്ഥിയും ആയി. ഒന്നാം സ്ഥാനത്ത് എത്തിയ ടീമിന് 7500 രൂപയും രണ്ടാം സ്ഥാനത്തിന് 5000 രൂപയും മൂന്നാം സ്ഥാനത്തിന് 2500 രൂപയുമാണ് സമ്മാനം. ജില്ലാ കലക്ടർ അരുൺ കെ വിജയൻ, സിസിഎഫ് കെഎസ് ദീപ എന്നിവർ സമ്മാനദാനം നിർവഹിച്ചു.
കണ്ണൂരിൽ കഴിഞ്ഞ നാലു വർഷമായി മികച്ച രീതിയിൽ സംഘടിപ്പിച്ചുവരുന്ന മിഡ്നൈറ്റ് യൂണിറ്റി റൺ, സാമൂഹിക ഐക്യത്തിന്റെയും പരസ്പരസഹകരണത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 800 പേരോളം മത്സരത്തിനെത്തി.