
സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകൾ പരിഷ്‌ക്കരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ വ്യവസ്ഥകൾ തത്വത്തിൽ അംഗീകരിച്ചു.
സംസ്ഥാന സർവ്വീസിൽ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിന് അർഹതയുണ്ട്. ജീവനക്കാരൻ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നൽകും. ഇൻവാലിഡ് പെൻഷണർ ആയ ജീവനക്കാർ മരണപ്പെട്ടാൽ അവരുടെ ആശ്രിതർക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അർഹതയുണ്ടായിരിക്കുന്നതല്ല.
സർവീസ് നീട്ടികൊടുക്കൽ വഴിയോ പുനർനിയമനം മുഖേനയോ സർവ്വീസിൽ തുടരാൻ അനുവദിക്കുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതർക്ക് അർഹതയുണ്ടായിരിക്കില്ല. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (കോളേജുകളിലെ പ്രിൻസിപ്പൽമാർ ഉൾപ്പെടെ) അധ്യാപകരുടെ ആശ്രിതർക്കും നിയമനത്തിന് അർഹതയുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല. സ്വമേധയാ വിരമിച്ച ജീവനക്കാർ മരണപ്പെടാൽ അവരുടെ ആശ്രിതർക്ക് നിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
ജീവനക്കാരൻ മരണമടയുന്ന തീയതിയിൽ 13 വയസ്സോ അതിനു മുകളിലോ പ്രായമുളള ആശ്രിതരാവണം. വിധവ/ വിഭാര്യൻ, മകൻ, മകൾ, ദത്തെടുത്ത മകൻ. ദത്തെടുത്ത മകൾ അവിവാഹിതരായ ജീവനക്കാരനാണെങ്കിൽ അച്ഛൻ, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരൻ എന്നീ മുൻഗണനാ ക്രമത്തിൽ ആശ്രിത നിയമനത്തിന് അർഹതയുണ്ട്. ആശ്രിതർ തമ്മിൽ അഭിപ്രായ സമന്വയമുണ്ടെങ്കിൽ അപ്രകാരവും അല്ലാത്തപക്ഷം മുൻഗണനാക്രമത്തിലും നിയമനം നൽകും.
ജീവനക്കാരൻ മരണമടയുന്ന സമയത്ത് വിവാഹിതരായ മകൻ/മകൾ എന്നിവർ വിവാഹശേഷവും അവർ മരണമടഞ്ഞ ഉദ്യോഗസ്ഥന്റെ/ ഉദ്യോഗസ്ഥയുടെ ആശ്രിതരായിരുന്നു എന്ന തഹസിൽദാരുടെ സർട്ടിഫിക്കറ്റ് കൂടി ആശ്രിത നിയമന അപേക്ഷയോടൊപ്പം ഹാജരാക്കണം. വിധവ/വിഭാര്യൻ, ഒഴികെയുള്ള ആശ്രിതർ വിധവയുടെയോ/ വിഭാര്യന്റെയോ സമ്മതപത്രം കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. ആശ്രിതർ തമ്മിൽ തർക്കമുണ്ടാകുന്ന പക്ഷം വിധവ/ വിഭാര്യൻ നിർദ്ദേശിക്കുന്ന ആളിന് ആശ്രിത നിയമനം നൽകും. വിധവ/വിഭാര്യൻ എന്നിവർക്ക് മറ്റ് ആശ്രിതരുടെ സമ്മതപത്രം ആവശ്യമില്ല.
വിവാഹമോചിതരായ സർക്കാർ ജീവനക്കാർ സർവീസിലിരിക്കെ മരണമടയുന്ന സാഹചര്യത്തിൽ മക്കൾ ഉണ്ടെങ്കിൽ മകൻ, മകൾ, ദത്തുപുത്രൻ, ദത്തു പുത്രി എന്ന മുൻഗണനാ ക്രമത്തിലും അച്ഛൻ/ അമ്മ, അവിവാഹിതരായ സഹോദരി/സഹോദരൻ എന്നിവർക്കും മുൻഗണനാക്രമത്തിൽ, ഇവർ ജീവനക്കാരനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നതെന്ന തഹസിൽദാരുടെ സാക്ഷ്യപത്രം ഹാജരാക്കുകയാണെങ്കിൽ മറ്റ് വ്യവസ്ഥകൾക്ക് വിധേയമായി ആശ്രിത നിയമനത്തിന് അർഹതയുണ്ട്.
കേന്ദ്ര / സംസ്ഥാന സർക്കാർ വകുപ്പുകളിലോ, വകുപ്പുകൾക്കു കീഴിലുള്ള സ്ഥാപനങ്ങളിലോ, പൊതുമേഖല സ്ഥാപനങ്ങൾ / ബാങ്കുകൾ (സഹകരണ ബാങ്കുകൾ ഉൾപ്പെടെ) എന്നിവിടങ്ങളിലോ റെഗുലർ ആയി ഉദ്യോഗത്തിൽ പ്രവേശിച്ചു കഴിഞ്ഞവർക്ക് പദ്ധതി പ്രകാരം നിയമനം ലഭിക്കുന്നതിന് അർഹതയില്ല. നിയമപരമായി ആദ്യ ഭാര്യ/ഭർത്താവിനെ വേർപിരിഞ്ഞ് പുനർ വിവാഹം ചെയ്യുന്ന കേസ്സുകളിൽ ആദ്യ ഭാര്യ അല്ലെങ്കിൽ ആദ്യ ഭർത്താവിൽ ഉണ്ടായ കുഞ്ഞുങ്ങൾക്കും അർഹതയുണ്ട്.
പൊതുഭരണ (സർവീസസ്-ഡി) വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകൾ അനുവദിച്ച് നൽകുന്നത്. വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പൊതുഭരണ (സർവീസസ്-ഡി) വകുപ്പിൽ സീനിയോറിറ്റി ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യും.
ഏകീകൃത സോഫ്റ്റുവെയറിൽ അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യത, ലഭ്യമായ ഒഴിവുകൾ എന്നിവ പ്രസിദ്ധീകരിക്കും.
ഓരോ തസ്തികയ്ക്കും പ്രത്യേകം പ്രത്യേകം സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കും. ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് ഓപ്ഷൻ നൽകിയിട്ടുണ്ടെങ്കിൽ ഓപ്റ്റഡ് തസ്തികകളുടെ എല്ലാ സീനിയോറിറ്റി ലിസ്റ്റുകളിലും അപേക്ഷകരെ ഉൾപ്പെടുത്തും. ഒരു സീനിയോറിറ്റി ലിസ്റ്റിൽ നിന്നും ജോലി ലഭിച്ചു കഴിഞ്ഞ അപേക്ഷകർ മറ്റ് സീനിയോറിറ്റി ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, പ്രസ്തുത ലിസ്റ്റുകളിൽ നിന്നും ഒഴിവാക്കും. മരണപ്പെട്ട ജീവനക്കാരന്റെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
നേരിട്ടുളള നിയമനം നിയമന രീതിയായിട്ടുള്ള സബോർഡിനേറ്റ് സർവീസിലെ ക്ലാസ് III, ക്ലാസ് IV തസ്തികകളിലേക്കും ലാസ്റ്റ് ഗ്രേഡ് സർവീസ്, പാർട്ട് ടൈം കണ്ടിജന്റ് സർവീസുകളിലെ തസ്തികകളിലേയ്ക്കുമാണ് ആശ്രിത നിയമനം നടത്തുന്നത്. എല്ലാ വകുപ്പുകളിലേയും നേരിട്ടുള്ള നിയമനം വ്യവസ്ഥ ചെയ്തിട്ടുള്ള ക്ലാസ് III, ക്ലാസ് IV, സാങ്കേതിക വിഭാഗം, യൂണിഫോം തസ്തിക ഉൾപ്പെടെയുള്ള എൻട്രി കേഡർ തസ്തികകളുടെയും ഒഴിവുകളുടെ നിർദിഷ്ട എണ്ണം ആശ്രിത നിയമനത്തിനായി മാറ്റിവെയ്യേണ്ടതാണ്. ഒരു തസ്തികയിൽ ഒന്നിലധികം നിയമന രീതികൾ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിൽ നേരിട്ടുള്ള നിയമനത്തിനായി മാറ്റി വച്ചിട്ടുളള ഒഴിവുകളിൽ നിന്നുമാണ് ആശ്രിത നിയമനത്തിനായി ഒഴിവുകൾ കുറവ് ചെയ്യേണ്ടത്. ഇപ്രകാരം ആശ്രിത നിയമനത്തിനായി മാറ്റിവെയ്യേണ്ട തസ്തികകൾ ഏതെല്ലാമാണെന്ന് കണ്ടെത്തി, പൊതുഭരണ (സർവീസസ്-ഡി) വകുപ്പിൻറെ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
ഹെഡ്ക്വാർട്ടറിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖാന്തിരം നേരിട്ട് നിയമനം നടത്തുന്ന ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിൽ ആശ്രിത നിയമനത്തിനായി കണ്ടെത്തിയിട്ടുള്ള തസ്തികകളിൽ ഓരോ 16-ാമത്തെ ഒഴിവും ആശ്രിത നിയമനത്തിനായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
ഓരോ തസ്തികയിലും നേരിട്ടുള്ള നിയമനത്തിനായി നിശ്ചയിച്ചിട്ടുള്ള പ്രായ പരിധി തന്നെയായിരിക്കും ആശ്രിത നിയമനത്തിനും ബാധകമാക്കുന്നത്. അപേക്ഷകൻ 18 വയസ്സോ അതിനു മുകളിലോ ഉളളയാളാണെങ്കിൽ ജീവനക്കാരൻ മരണമടഞ്ഞ തീയതി മുതൽ മൂന്ന് വർഷത്തിനകവും, അപേക്ഷകൻ 18 വയസ്സിന് താഴെയുള്ള ആളാണെങ്കിൽ 18 വയസ്സ് പൂർത്തിയായി മൂന്ന് വർഷത്തിനകവും അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിധവ/വിഭാര്യൻ എന്നിവരുടെ നിയമന കാര്യത്തിലും മരണമടയുന്ന അവിവാഹിതനായ സർക്കാർ ജീവനക്കാരന്റെ പിതാവ്/മാതാവ് എന്നിവരുടെ കാര്യത്തിലും പാർട്ട് ടൈം കണ്ടിജന്റ് തസ്തികകളിലേക്കുള്ള നിയമനത്തിലും മുനിസിപ്പൽ കണ്ടിജന്റ് സർവ്വീസിലെ ഫുൾടൈം കണ്ടിജന്റ് തസ്തികയിലെ നിയമനത്തിലും ഉയർന്ന പ്രായപരിധി ബാധകമല്ല, അപേക്ഷകർക്ക് വിരമിക്കൽ പ്രായം വരെ നിയമനം നൽകുന്നതാണ്. ആശ്രിത നിയമന അപേക്ഷകളിൽ കാലതാമസം ഉണ്ടാകുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് പുതുക്കിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിന് (VGF) കേന്ദ്ര സർക്കാർ വിഹിതമായ 817.80 കോടി രൂപ സ്വീകരിക്കാൻ തീരുമാനിച്ചു. ഇതിന് സംസ്ഥാന സർക്കാർ നെറ്റ് പ്രസൻറ് വാല്യു വ്യവസ്ഥയിൽ തുക തിരിച്ചടക്കണമെന്ന് കേന്ദ്ര സർക്കാർ നിഷ്‌കർഷിച്ചിട്ടുണ്ട്.

സർക്കാർ ഉടമസ്ഥതയിലുള്ള ഐടി പാർക്കുകളിൽ Non SEZ മേഖലയിലെ ഭൂമിയുടെ നിലവിലുള്ള 30 വർഷമെന്ന പാട്ടക്കാലാവധി റവന്യു വകുപ്പ് നിർഷ്‌കർഷിക്കുന്നത് പ്രകാരം ഓരോ കേസിൻറെയും അടിസ്ഥാനത്തിൽ നിശ്ചയിക്കും.

ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡറായി ചങ്ങനാശ്ശേരി, മാലൂർക്കാവ് സ്വദേശി അഡ്വ. സെബാസ്റ്റ്യൻ ജോസഫ് കുരിശുംമൂട്ടിലിനെ നിയമിക്കും.

എക്‌സൈസ് വകുപ്പിൽ 65 വനിതാ സിവിൽ എക്‌സൈസ് ഓഫീസർ തസ്തിക സൃഷ്ടിക്കും. ഇതിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തും. ഓരോ ജില്ലയിലും പരമാവധി 7 നിയമനങ്ങളാണ് നടത്തുക.
കണ്ണൂർ പരിയാരം കെ കെ എൻ പി എം ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പൽ തസ്തിക സൃഷ്ടിക്കും.
തൃശ്ശൂർ ചെമ്പുക്കാവ് ഹോളി ഫാമിലി സി.ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.റ്റി ജൂനിയർ മലയാളം, ഇംഗ്ലീഷ് എന്നിവയിൽ ഒരോ തസ്തികകൾ എച്ച്.എസ്.എസ്.റ്റി തസ്തികയായി ഉയർത്തുന്നതിന് അനുമതി നൽകി. എച്ച്.എസ്.എസ്.റ്റി കമ്പ്യൂട്ടർ സയൻസ്, എച്ച്.എസ്.എസ്.റ്റി ജൂനിയർ ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി, ഹിന്ദി എന്നിവയിൽ ഓരോ പുതിയ തസ്തികകളും സൃഷ്ടിക്കും.
റോഡപകടത്തിൽ പൂർണ്ണമായും ചലനശേഷി നഷ്ടപ്പെട്ട തിരുവനന്തപുരം കിളിമാനൂർ ആർ.ആർ.വി.ജി.എച്ച്.എസ്.എസ്-ലെ ചിത്രകലാദ്ധ്യാപകനായ ക്രിപ്‌സിൻ ദാസ്.എസ്.എസ്-ന്റെ ശൂന്യാവേതനാവധി റദ്ദ് ചെയ്തുകൊണ്ട് പ്രസ്തുത കാലയളവിലേയ്ക്ക് മാത്രമായി ചിത്രകലാദ്ധ്യാപകന്റെ ഒരു സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് ശമ്പളവും മറ്റാനുകൂല്യങ്ങളും അനുവദിക്കും.

സംസ്ഥാനത്തെ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട സമഗ്ര മാർഗ്ഗരേഖയായ ‘കേരള സെക്ടറൽ സൈബർ ക്രൈസിസ് മാനേജ്‌മെന്റ് പ്ലാൻ’ അംഗീകരിച്ചു. മാർഗ്ഗരേഖയുടെ ഭാഗമായി ചീഫ് സെക്രട്ടറി അധ്യക്ഷയായി ഒരു ക്രൈസിസ് മാനേജ്‌മെൻറ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
സൈബർ പ്രതിസന്ധിയെ കാര്യക്ഷമമായി നേരിടുന്നതിനും ദ്രുതഗതിയിൽ പ്രതികരിക്കുന്നതിനും കരകയറുന്നതിനുമുള്ള ഏകോപനത്തിനായി സമഗ്രമായ അടിത്തറ സൈബർ ക്രൈസിസ് മാനേജെന്റ് പ്ലാൻ മുഖേന നടപ്പിലാക്കും. സൈബർ പ്രതിസന്ധികളുടെ തീവ്രത, പോളിസികൾ, സൈബർ പ്രതിസന്ധി ഉണ്ടായാൽ സർക്കാർ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന ആഘാതം, സർക്കാർ വകുപ്പുകളുടെ ഉത്തരവാദിത്തങ്ങൾ, സൈബർ ആക്രമണങ്ങൾ ഉണ്ടായാൽ സ്റ്റേക്ക്‌ഹോൾഡേഴ്‌സ് തമ്മിലുള്ള പ്രവർത്തനങ്ങളും ഏകോപനവും തുടങ്ങിയവ സെക്ടറൽ സൈബർ ക്രൈസിസ് മാനേജ്‌മെന്റ് പ്ലാനിൽ പ്രതിപാദിച്ചിട്ടുണ്ട്. പുതിയ സൈബർ സുരക്ഷാ ഭീഷണികൾ, വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾ, പുതിയ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ലറുകൾ എന്നിവയെ അടിസ്ഥാനമാക്കി പദ്ധതി കാലാനുസൃതമായി പുതുക്കും.
ഇന്ത്യാ ഗവൺമെന്റിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം തയ്യാറാക്കിയ സൈബർ ക്രൈസിസ് മാനേജെന്റ് പ്ലാനിനെ ആസ്പദമാക്കിയാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. വകുപ്പുതലത്തിലെ ഏകോപനത്തിനായി പ്രധാനപ്പെട്ട എല്ലാ വകുപ്പുകളിലും ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറെ നിയമിച്ചിട്ടുണ്ട്.

കായിക രംഗത്തെ നേട്ടങ്ങൾ പരിഗണിച്ച് പി എസ് നീനു മോളിന് അടുത്ത രണ്ട് വർഷങ്ങളിൽ ലഭിക്കേണ്ട ഇൻക്രിമെൻറുകൾ 2025 ജനുവരി ഒന്ന് പ്രാബല്യത്തിൽ മുൻകൂറായി അനുവദിക്കും.

മത്സ്യഫെഡിലെ ജീവനക്കാർക്ക് 01/07/2019 തിയതി പ്രാബല്യത്തിൽ ശമ്പള പരിഷ്‌ക്കരണം അനുവദിക്കും
കെ എസ് ഐ ഡി സിയിലെ സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കും. 01/07/2019 മുതൽ പ്രാബല്യം ഉണ്ടാകും.
കേരള ഫീഡ്‌സ് ലിമിറ്റഡ് കമ്പനിയിലെ മാനേജീരിയൽ ആൻറ് സൂപ്പർവൈസറി തസ്തികയിലെ സർക്കാർ അംഗീകൃത ജീവനക്കാർക്ക് 01/01/2021 മുതൽ പ്രാബല്യത്തിൽ ശമ്പള പരിഷ്‌ക്കരണം അനുവദിക്കും.

കണ്ണൂർ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്‌സ് ഗ്രേഡ് -2 തസ്തികയിൽ ജോലി ചെയ്തു വരുന്ന എസ് സോണിയയ്ക്ക് തിരുവനന്തപുരം ജില്ലയിലേക്ക് സ്ഥലം മാറ്റം അനുവദിക്കും. കോവിഡ് ബാധിച്ചതിനെ തുടർന്ന് 2022ൽ ഇവരുടെ വലതു കാൽമുട്ടിന് താഴെയും ഇടതു കാൽ വിരലുകളും മുറിച്ചു മാറ്റപ്പെട്ടിരുന്നു. ഭർത്താവ് അംഗപരിമിതനാണെന്നും മാതാവ് ക്യാൻസർ രോഗിയാണെന്നുമുള്ള ജില്ലാ കളക്ടറുടെ റിപ്പോർട്ടിൻറെ കൂടി അടിസ്ഥാനത്തിൽ അനുകമ്പാർഹമായ സാഹചര്യം പരിഗണിച്ചാണ് സ്ഥലം മാറ്റം.

എൽ ബി എസ് സെൻറർ ഫോർ സയൻസ് ആൻറ് ടെക്‌നോളജിയിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 വയസിൽ നിന്ന് 60 വയസായി ഉയർത്തും.

വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ് ലിമിറ്റഡിന് വ്യാവസായിക ആവശ്യത്തിനായി അക്കേഷ്യ മാഞ്ചിയം, അക്കേഷ്യ ഓറിക്കുലിഫോർമിസ്, മിസലേനിയസ് ഫയർ വുഡ്, മഞ്ഞക്കൊന്ന എന്നിവ വില നിശ്ചയിച്ച് അനുവദിക്കും. പ്രതിവർഷം പരമാവധി 50,000 മെട്രിക് ടൺ അസംസ്‌കൃത വസ്തുക്കൾ (പൾപ്പ് വുഡ്) അനുവദിക്കണമെന്നത് പരിഗണിച്ച് വനവിഭവങ്ങളായ (പൾപ്പ് വുഡ്) അക്കേഷ്യ മാഞ്ചിയം, അക്കേഷ്യ ഓറിക്കുലിഫോർമിസ് എന്നിവയാണ് 2025-26 സാമ്പത്തികവർഷത്തിൽ അനുവദിക്കുക.

കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ സമർപ്പിച്ച Augmentation of WSS to Angamaly Constituency – Part II – Malayattoor – Neeleeswaram and Ayyanipuzha Panchayaths – Package II – Laying of Clear Water Pumping mains, Supply and Erection of Clear Water Pump set, Construction of OHSR Chully, Renovation of Existing Structures and Road Restoration Works എന്ന പ്രവൃത്തിക്കായി 21,99,17,681.09 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
‘JJM – Aryanadu and Uzhamalakkal panchayaths Supply, laying, testing and commissioning of 300mm DI K9 Clear Water Gravity Main from WTP to 9LL OHSR at Pallivetta – Pipeline Work’ എന്ന പ്രവൃത്തിക്കായി 5,93,29,263 രൂപയുടെ ദർഘാസ് അനുവദിച്ചു.
Special Assistance to States for Capital Investment (SASCI) സ്‌കീമിന് കീഴിൽ (i) ‘Ashtamudi Biodiversity and Eco recreational Hub Kollam’ and (ii) ‘Sargalaya Global Gateway to Malabar’s Cultural Crucible’ തിരഞ്ഞെടുക്കപ്പെട്ട പദ്ധതികളുടെ നടത്തിപ്പ് ULCCS നെ ഏൽപ്പിക്കും.

പാലക്കാട് യാക്കര വില്ലേജിൽ 5 ഏക്കർ നിലം, വി.ടി.ഭട്ടതിരിപ്പാടിന്റെ നാമധേയത്തിൽ സ്ഥാപിക്കുന്ന സാംസ്‌ക്കാരിക സമുച്ചയ നിർമ്മാണത്തിന് വ്യവസ്ഥകൾക്ക് വിധേയമായി പരിവർത്തനപ്പെടുത്തുവാൻ അനുമതി നൽകും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിനും വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിൽ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ബ്രേക്ക് വാട്ടർ നിർമ്മാണവും CWPRS സമർപ്പിച്ച അന്തിമ രൂപരേഖയുടെ അടിസ്ഥാനത്തിൽ രണ്ടു പാക്കേജുകളായി നിർവ്വഹിക്കും. 271 കോടി രുപയുടേതാണ് പദ്ധതി.
കൺസെഷൻ കരാറിലെ ഫണ്ടഡ് വർക്ക് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കൺസെഷനയർ (AVPPL) മുഖേന 235 മീറ്റർ നീളമുള്ള breakwater, 500 നീളമുള്ള fishery berth, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ 146 കോടി രൂപ ചെലവഴിച്ച് പാക്കേജ് 1 ആയി നടപ്പാക്കും. നിലവിലുള്ള ഫിഷിംഗ് ഹാർബറിന്റെ സിവേർഡ് ബ്രേക്ക് വാട്ടറിൽ നിന്നും 45 ഡിഗ്രി ചരിവിൽ 250 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ നിർമ്മാണം 125 കോടി രൂപ ചിലവിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന ഡെപ്പോസിറ്റ് വർക്കായി പാക്കേജ് 2 ആയി നടപ്പിലാക്കും.

തിരുവനന്തപുരം- വി. ശിവൻകുട്ടി
കൊല്ലം- കെ.എൻ. ബാലഗോപാൽ
പത്തനംതിട്ട- വീണ ജോർജ്
ആലപ്പുഴ- പി. പ്രസാദ്
കോട്ടയം- വി.എൻ. വാസവൻ
ഇടുക്കി- റോഷി അഗസ്റ്റിൻ
എറണാകുളം- പി. രാജീവ്
തൃശൂർ- കെ. രാജൻ
പാലക്കാട്- കെ. കൃഷ്ണൻകുട്ടി
മലപ്പുറം- വി. അബ്ദുറഹ്‌മാൻ
കോഴിക്കോട്- പി.എ. മുഹമ്മദ് റിയാസ്
വയനാട്- ഒ.ആർ. കേളു
കണ്ണൂർ- രാമചന്ദ്രൻ കടന്നപ്പള്ളി
കാസർഗോഡ്- എ.കെ. ശശീന്ദ്രൻ

2025 മാർച്ച് 18 മുതൽ 25 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ആകെ 37,33,95,269 രൂപ അനുവദിച്ചു. 1293 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.
തിരുവനന്തപുരം- 34 (ഗുണഭോക്താക്കൾ), 11,93,000 രൂപ (അനുവദിച്ച തുക)
കൊല്ലം- 126 (ഗുണഭോക്താക്കൾ), 44,23,000 രൂപ (അനുവദിച്ച തുക)
പത്തനംതിട്ട- 17 (ഗുണഭോക്താക്കൾ), 9,30,000 രൂപ (അനുവദിച്ച തുക)
ആലപ്പുഴ- 81 (ഗുണഭോക്താക്കൾ), 22,15,000 രൂപ (അനുവദിച്ച തുക)
കോട്ടയം- 13 (ഗുണഭോക്താക്കൾ), 5,30,000 രൂപ (അനുവദിച്ച തുക)
ഇടുക്കി- 50 (ഗുണഭോക്താക്കൾ), 13,04,000 രൂപ (അനുവദിച്ച തുക)
എറണാകുളം- 187 (ഗുണഭോക്താക്കൾ), 83,41,000 രൂപ (അനുവദിച്ച തുക)
തൃശ്ശൂർ- 172 (ഗുണഭോക്താക്കൾ), 60,00,000 രൂപ (അനുവദിച്ച തുക)
പാലക്കാട്- 89 (ഗുണഭോക്താക്കൾ), 27,67,500 രൂപ (അനുവദിച്ച തുക)
മലപ്പുറം- 223 (ഗുണഭോക്താക്കൾ), 98,43,000 രൂപ (അനുവദിച്ച തുക)
കോഴിക്കോട്- 101 (ഗുണഭോക്താക്കൾ), 4,35,29,000 രൂപ (അനുവദിച്ച തുക)
വയനാട്- 42 (ഗുണഭോക്താക്കൾ), 28,73,47,769 രൂപ (അനുവദിച്ച തുക)
കണ്ണൂർ- 73 (ഗുണഭോക്താക്കൾ), 21,75,000 രൂപ (അനുവദിച്ച തുക)
കാസർഗോഡ്- 85 (ഗുണഭോക്താക്കൾ), 27,97,000 രൂപ (അനുവദിച്ച തുക)
ഇതിൽ വയനാടിന് അനുവദിച്ച തുകയിൽ 26,56,10,769 രൂപ വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ് നിർമ്മാണത്തിനും 2,10,00,000 രൂപ കുട്ടികളുടെ പഠനാവശ്യത്തിനുമാണ്.