സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യുണിസെഫും സംയുക്തമായി ‘കുട്ടികളിലെ സാംക്രമികേതര രോഗങ്ങൾ- പ്രതിരോധം നിയന്ത്രണം’ എന്ന വിഷയത്തിൽ രാഷ്ട്രീയകക്ഷി നേതാക്കളുമായി കൂടിയാലോചനായോഗം സംഘടിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു.
സാംക്രമികേതര രോഗങ്ങളിൽ കുട്ടികളിൽ കൂടുതലുണ്ടാകുന്ന പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജനിതക കാരണങ്ങളാൽ ഉണ്ടാകാത്ത രോഗങ്ങളെ തടയാൻ നല്ല ഭക്ഷണ ശീലത്തിലൂടെ കഴിയുമെന്ന് അവർ പറഞ്ഞു. കാർബണേറ്റഡ് ജ്യൂസും ജങ്ക് ഫുഡ്ഡും കൊടുക്കുന്നത് ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണ ശീലത്തിലേക്ക് മാതാപിതാക്കൾ കുട്ടികളെ നയിക്കേണ്ടതുണ്ട്. ആരോഗ്യം കുട്ടികളുടെ കൂടി ഉത്തരവാദിത്വമായിരിക്കണം.
കുട്ടികളുടെ അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങൾക്കൊപ്പം ഉത്തരവാദിത്വങ്ങളെ അടിസ്ഥാനമാക്കിയും പ്രവർത്തിക്കേണ്ടതുണ്ട്. കുട്ടികളെ തങ്ങളുടെ അവകാശങ്ങൾ മാത്രം പഠിപ്പിച്ച് സ്വന്തം കാര്യങ്ങൾ മാത്രം നോക്കുന്നവരായാണോ സാമൂഹ്യ പ്രതിബദ്ധതയുള്ള ഉത്തരവാദിത്വ ബോധമുള്ള കുട്ടികളായാണോ വളർത്തേണ്ടതെന്നും ചർച്ച ചെയ്യേണ്ടതുണ്ട്. മൗലികാവകാശങ്ങളുടെ കാര്യത്തിലും ഉത്തരവാദിത്വ ബോധമുള്ളവരായി കുട്ടികളെ മാറ്റിയെടുക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
സാംക്രമികേതര രോഗങ്ങൾ കുട്ടികളിൽ കൂടി വരുന്നതായി കാണുന്നുണ്ടെന്നും ഈ കുട്ടികളുടെ പ്രത്യേക പരിചരണത്തിന് അധ്യാപകർക്ക് പരിശീലനം നൽകണമെന്നും അധ്യക്ഷത വഹിച്ച ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ പറഞ്ഞു. സ്‌കൂളുകൾ ഭിന്നശേഷി സൗഹൃദമാകേണ്ടതുണ്ട്. സാംക്രമികേതര രോഗമുള്ള കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ രാഷ്ട്രീയ നേതാക്കൾ ചർച്ച ചെയ്ത്, പഞ്ചായത്ത് തലം മുതല്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ സ്വാഗത പ്രസംഗം നടത്തി. യുണിസെഫ് ഇന്ത്യയുടെ കമ്മ്യൂണിക്കേഷൻ സ്‌പെഷ്യലിസ്റ്റ് ശ്യാം സുധീർ ബണ്ടി വിഷയാവതരണം നടത്തി. ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും എൻ.സി.ഡി സ്റ്റേറ്റ് നോഡൽ ഓഫീസറുമായ ഡോ. ബിപിൻ. കെ.ഗോപാൽ തുടർ ചർച്ചയിൽ പങ്കെടുത്തു. കമ്മിഷൻ അംഗം കെ.കെ. ഷാജു ചൈൽഡ് ഹെൽത്ത് റെയർ ഡിസീസെസ് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. രാഹുൽ യു.ആർ എന്നിവർ യോഗത്തിൽ മോഡറേറ്റർമാരായിരുന്നു. രാഷ്ട്രീയ നേതാക്കൾ, യുവജന സംഘടനാ പ്രവർത്തകർ, അധ്യാപക സംഘടനാ നേതാക്കൾ, സർക്കാർ മേഖലയിലെ എൻ.സി.ഡി ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. കമ്മിഷൻ അംഗം എൻ സുനന്ദ കൃതജ്ഞത പറഞ്ഞു.