ശാരദാ മുരളീധരൻ ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണമാക്കിയ വ്യക്തി: മുഖ്യമന്ത്രി
ചീഫ് സെക്രട്ടറി പദത്തിൽ നിന്ന് വിരമിക്കുന്ന ശാരദാ മുരളീധരന് സംസ്ഥാന സർക്കാർ യാത്ര അയപ്പ് നൽകി. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിലപാടുകളും പ്രവർത്തന മികവ് കൊണ്ടും ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണമാക്കിയ ഉദ്യോഗസ്ഥയാണ് ശാരാദാ മുരളീധരനെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
എളുപ്പമല്ലാത്ത ഒരു കാലയളവിലാണ് ശാരദ മുരളീധരൻ ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. വയനാട് പുനരധിവാസം, വിഴിഞ്ഞം പദ്ധതി രൂപീകരണം, സംസ്ഥാന സർക്കാരിന്റെ ലഹരി വരുദ്ധ പ്രവർത്തനത്തിന്റെ ഏകോപനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളെ ചീഫ് സെക്രട്ടറി എന്ന നിലയിൽ മാതൃകാപരമായി ഏകോപിപ്പിച്ചു. വ്യക്തി ശുദ്ധി നിലനിർത്തി പ്രവർത്തന മികവ് ശാരദ മുരളീധരൻ തുടർന്നു എന്നത് ശ്രദ്ധേയമാണ്. സ്ത്രീകളെ മാറ്റി നിർത്തുന്ന പുരുഷ മേധാവിത്ത സമൂഹത്തിൽ ഭരണ വൈദഗ്ധ്യം കൊണ്ട് സ്ത്രീകൾ പുരുഷൻമാർക്ക് ഒപ്പമോ മുകളിലോ ആണെന്ന സന്ദേശം സൃഷ്ടിക്കാൻ ശാരദാ മുരളീധരനായി. സാമൂഹിക അസമത്വങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ ചുമതലയല്ലെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർ ഇപ്പോഴുമുള്ളപ്പോൾ സാമൂഹിക ദുഷിപ്പുകൾക്കെതിരായി പ്രതികരിച്ച വ്യക്തിയാണ് ശാരദ.
പാലിയേറ്റിവ് കെയർ, മാലിന്യ മുക്തം നവകേരളം, ആദിവാസി ഉന്നമനം, മനുഷ്യക്കടത്ത് നിരോധിക്കൽ, ജനകീയാസൂത്രണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനം, അതിദാരിദ്ര്യ നിർമാർജനം എന്നിവയിൽ നിർണായകമായ സംഭാവനകൾ നൽകാൻ കഴിഞ്ഞു. കുടുംബശ്രീയിലൂടെ സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃകകൾ തീർക്കാനും കഴിഞ്ഞു. പദ്ധതി നിർവഹണത്തിൽ ജനകീയ പ്രാതിനിധ്യവും മാനുഷികതയും പുലർത്താൻ കഴിഞ്ഞു. സാമ്പത്തിക അച്ചടക്കം പുലർത്തുകയും കേന്ദ്രതലത്തിൽ തീർപ്പാക്കേണ്ട വിഷയങ്ങളിൽ സത്വര നടപടികളെടുക്കാനും ചീഫ് സെക്രട്ടറി എന്ന നിലയിൽ സാധിച്ചു. ജാതി, മത, വർണ വിവേചനങ്ങളിലൂടെ സമൂഹത്തിൽ ഭിന്നപ്പുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ട്. ആക്ടിവിസ്റ്റെന്ന നിലയിൽ വർണ വിവേചനത്തിരെ ശക്തമായ നിലപാട് സ്വീകരിച്ച് വിഷയത്തെ പൊതു ശ്രദ്ധയിലേക്കെത്തിക്കാനും ശാരദ മുരളീധരന് കഴിഞ്ഞു. കർമോൽസുകതയാർന്ന വ്യക്തി ജീവിതത്തിന്റെയും സേവനത്തിന്റെയും നല്ല കാലം ശാരദാ മുരളീധരന് ആശംസിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മുഖ്യമന്ത്രി ശാരദാ മുരളീധരന് ഉപഹാരം സമ്മാനിച്ചു. ലോകത്തിന്റെ വിശ്വാസവും പ്രതീക്ഷയുമായി കേരളം മാറുന്നു എന്നതിൽ അഭിമാനമുണ്ടെന്ന് ശാരദ മുരളീധരൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഔദ്യോഗിക ജീവിതത്തിൽ ഇഷ്ടപ്പെട്ട ജോലികൾ ചെയ്യാൻ കഴിഞ്ഞതിൽ ചാരിതാർഥ്യവും സന്തോഷവുമുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ യും ജനകീയാസൂത്രണത്തിന്റെയും ആരംഭത്തിൽ പങ്കാളിയാകാനും അത് കേരള സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ അറിയാൻ കഴിഞ്ഞതും മികച്ച അനുഭവമാണ്. കുടുംബശ്രീയിലൂടെ വീടുകളിലും സമൂഹത്തിലും സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിൽ പങ്ക് വഹിക്കാനായി. മാലിന്യ സംസ്‌കരണത്തിൽ നാം കൊണ്ടുവന്ന മാറ്റങ്ങളെ ലോകം അംഗീകരിക്കുന്നു. സുസ്ഥിര വികസന മാതൃകകളും കരുതലും ഉൾപ്പെടുന്ന പദ്ധതികൾ നടപ്പിലാക്കുന്ന സംസ്ഥാനമെന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഔദ്യോഗിക ജീവിതത്തിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ശാരദാ മുരളീധരൻ പറഞ്ഞു.
നിയുക്ത ചീഫ് സെക്രട്ടറി എ. ജയതിലക് ചടങ്ങിന് സ്വാഗതമാശംസിച്ചു. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നന്ദി അറിയിച്ചു. വിവിധ വകുപ്പ് മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു