ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രദാനുമായി കൂടിക്കാഴ്ച നടത്തിയതായി സംസ്ഥാന വിഭ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എൻ.സി.ഇ.ആർ.ടി. യുടെ ജനറൽ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. രണ്ട് സന്ദർഭങ്ങളിലും കേരളത്തിന്റെ ആവശ്യങ്ങളും ആശങ്കകളും വ്യക്തമാക്കി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിൽ വലിയ പ്രതിസന്ധിയാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.
മൊത്തം ആയിരത്തി അഞ്ഞൂറ് കോടി ഇരുപത്തി ഏഴ് ലക്ഷം രൂപ കേന്ദ്രം കേരളത്തിന് നൽകേണ്ടതായിട്ടുണ്ട്. എസ്.എസ്.കെ. ലഭ്യമാക്കാനുള്ള 2024 – 25 ലെ കുടിശ്ശികയായ അഞ്ഞൂറ്റി പതിനാല് കോടി അമ്പത്തി നാല് ലക്ഷം രൂപ, 2023 – 24 ലെ കുടിശ്ശികയായ ഇരുന്നൂറ്റി എഴുപത്തിയാറ് കോടി രൂപ, 2025 – 26 ൽ ലഭിക്കേണ്ട മുന്നൂറ്റി തൊണ്ണൂറ്റി രണ്ട് കോടി എഴുപത്തി മൂന്ന് ലക്ഷം രൂപ, പി.എം. ശ്രീ. വിഹിതമായ 2025-27 ലെ മുന്നൂറ്റി പതിനെട്ട് കോടി രൂപ എന്നിവയാണ് ലഭിക്കാനുള്ളത്.
പി.എം. ശ്രീ ധാരണാപത്രത്തിൽ ഒപ്പു വെയ്ക്കാത്തതിനാൽ ഫണ്ട് തടഞ്ഞു വെച്ചിരിക്കുകയാണ്. എന്നാൽ ഇക്കാര്യം രേഖാമൂലം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറല്ല. ഇക്കാര്യത്തിൽ തമിഴ്‌നാടുമായി യോജിച്ച നീക്കം നടത്താനുള്ള സാധ്യതകൾ തേടുകയാണ് കേരളം. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.