പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പൂർണമായും ഒഴിവായ ഭരണമികവിൽ സംസ്ഥാനത്തെ വൈദ്യുതി മേഖല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നേടിയത് 1419.55 മെഗാവാട്ടിന്റെ വർധനവാണ്. കഴിഞ്ഞ ഒൻപത് കൊണ്ട് 1776.3 മെഗാവാട്ടിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. സൗരോർജം വഴി 1560 മെഗാവാട്ടും ജലവൈദ്യുത പദ്ധതികൾ വഴി 179.65 മെഗാവാട്ടും ഉത്പാദിപ്പിച്ചു. ജലവൈദ്യുത പദ്ധതികളിൽ 2016-2025 കാലഘട്ടത്തിൽ പൂർത്തിയാക്കിയവയിൽ വൈദ്യുതി ബോർഡ് നേരിട്ട് 150.60 മെഗാവാട്ടും സ്വകാര്യസംരംഭകർ മുഖേന 29.05 മെഗാവാട്ടും പൂർത്തിയാക്കി.
2016 മുതൽ 25 വരെയുള്ള 9 വർഷത്തിൽ, കെ.എസ്.ഇ.ബി.എൽ വൈദ്യുതി ഉൽപ്പാദന രംഗത്ത് 2942 കോടി രൂപയുടെയും, വൈദ്യുതി പ്രസരണ മേഖലയിൽ 8056 കോടി രൂപയുടെയും, വൈദ്യുതി വിതരണ മേഖലയിൽ 13015 കോടി രൂപയുടെയും ഉൾപ്പടെ 24,013 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. വരുംവർഷങ്ങളിൽ ഏകദേശം 1500 മെഗാവാട്ട് വൻകിട ജലവൈദ്യുത പദ്ധതികളിൽ നിന്നും കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നത്. 800 മെഗാവാട്ട് സ്ഥാപിത ശേഷിയുമായി ഇടുക്കി പദ്ധതിയുടെ രണ്ടാം ഘട്ടം, 240 മെഗാവാട്ട് ശേഷിയിൽ ലക്ഷ്മി പദ്ധതി, 450 മെഗാവാട്ട് ശേഷിയുള്ള ശബരിഗിരി എക്സ്റ്റെൻഷൻ പദ്ധതി എന്നിവ ഇതിൽപെടുന്നു.
നിലവിൽ 187.536 മെഗാവാട്ട് ശേഷിയുള്ള 7 ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം നടന്നുവരുന്നു. കൂടാതെ 92 മെഗാവാട്ട് ശേഷിയുള്ള ചെറുകിട പദ്ധതികളും 2030 നുള്ളിൽ പൂർത്തീകരിക്കും. 60 മെഗാവാട്ട്ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതി (വാർഷിക വൈദ്യുതി ഉൽപാദനം – 153.9 ദശലക്ഷം യൂണിറ്റ്) പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു. 24 മെഗാവാട്ട്ശേഷിയുള്ള ചിന്നാർ (വാർഷിക വൈദ്യുതി ഉൽപാദനം 76.45 ദശലക്ഷം യൂണിറ്റ്)ഉം ഈ വർഷം പൂർത്തിയാക്കും. ഒന്നര ദശാബ്ദത്തിലധികമായി നിർമ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്ന 40 മെഗാവാട്ട്ശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുത പദ്ധതി പൂർത്തീകരിച്ചതും ഈ സർക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ്.
2016- ൽ സൗരോർജ പദ്ധതികളുടെ സ്ഥാപിതശേഷി 16.499 ആയിരുന്നത് നിലവിൽ 1576.5 മെഗാവാട്ട് ആയി വർദ്ധിപ്പിച്ചു. പുരപ്പുറ സൗരോർജ്ജ പദ്ധതി, സ്വകാര്യ നിലയങ്ങൾ, ഭൗമോപരിതല നിലയങ്ങൾ, ഫ്ളോട്ടിങ് സോളാർ പദ്ധതികൾ അടക്കം ഇതിൽപ്പെടുന്നു. സംസ്ഥാനത്തിന്റെ പ്രസരണ ഇടനാഴി 220 കിലോ വാട്ട് ആയിരുന്നത് 400 കിലോ വാട്ടിലേക്ക് ഉയർത്താൻ 10,000 കോടിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയാണ് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി തൃശൂർ-അരീക്കോട് 400 കെ.വി ലൈൻ 2019ൽ കമ്മീഷൻ ചെയ്തു. ഇടമൺ-കൊച്ചി പവർ ഹൈവേ, തിരുനെൽവേലി- ഇടമൺ 400 കെ.വി അന്തർസംസ്ഥാന കോറിഡോർ, തമിഴ്നാട്ടിലെ പുനലൂർ-തൃശൂർ എച്ച് വിഡിസി ലൈനും പൂർത്തിയാക്കി. അരീക്കോട് നിന്ന് മാനന്തവാടി വഴി കാസർഗോഡുവരെ 400 കെ.വി ഗ്രീൻ കോറിഡോർ സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയ സർക്കാർ ഉഡുപ്പി-കാസർഗോഡ് 400 കെ.വി അന്തർസംസ്ഥാന പ്രസരണ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളിലാണ്.
നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഊർജ്ജോത്പാദനത്തിലെ ഈ വർദ്ധനവ് സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്കും സാധാരണക്കാരുടെ ജീവിതത്തിനും ഒരുപോലെ പ്രയോജനകരമാകും.
കരുത്തോടെ കേരളം- 27