ആരോഗ്യ രംഗത്ത് കേരളം ലോകോത്തര നിലവാരത്തില്‍ എത്തി: മുഖ്യമന്ത്രി
ചിറ്റൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രിക്ക് വേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടവും ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യ രംഗത്ത് കേരളം ലോകോത്തര നിലവാരത്തിൽ എത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ഒന്നാകെ സഹകരിച്ച് മുന്നോട്ടു പോയതിന്റെ ഫലമാണ് ഇത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആരോഗ്യമേഖലയടക്കം എല്ലാ മേഖലകളിലും വന്‍ മുന്നേറ്റമാണുണ്ടായത്. കേരളത്തില്‍ എവിടെ തിരിഞ്ഞു നോക്കിയാലും കിഫ്ബി വഴി നടത്തിയ വികസനങ്ങളുടെ സാക്ഷ്യപത്രങ്ങള്‍ കാണാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ- ഭരണ പക്ഷ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ ഈ സര്‍ക്കാരിനായി. ആരോഗ്യ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങളെ തകര്‍ക്കുന്ന രൂപത്തിലുള്ള അശാസ്ത്രീയ പ്രവണതകള്‍ പലയിടത്തും ഉയര്‍ന്നു വരുന്നുണ്ടെന്നും സമൂഹം ഇതിനെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിന്‍ വിരുദ്ധത, വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഇത്തരം പ്രവണതകള്‍ക്കു പിന്നില്‍ സാമൂഹ്യദ്രോഹികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആധുനിക സൗകര്യങ്ങള്‍ കൈവന്നതോടെ സമൂഹത്തിലെ എല്ലാ തുറകളിലും പെട്ട ആളുകള്‍ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. അയ്യായിരത്തിലധികം ജനകീയ ആരോഗ്യ കേന്ദ്രങ്ങളും സജ്ജീകരിച്ചു. ജില്ലാ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളും 83 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകളും സജ്ജമാക്കി. 43 ലക്ഷം കുടുംബങ്ങള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി സൗകര്യം ലഭ്യമാക്കി. 7000 കോടി രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കി. പാലക്കാട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ 733 കോടിയിലേറെ രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടം അടുത്ത ഒക്ടോബറോടെ നിര്‍മാണം പൂര്‍ത്തീകരിക്കും. ആരോഗ്യ ശീലങ്ങള്‍ നിത്യ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണം. ഓരോരുത്തരുടെയും ആരോഗ്യം സംരക്ഷിച്ച് നാടിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 70.51 കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. 1,06,744 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ അഞ്ച് ഓപ്പറേഷന്‍ തിയറ്ററും, മാസ്റ്റര്‍ പ്ലാന്‍ കെട്ടിടത്തില്‍ 220 പേരെ കിടത്തി ചികിത്സക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ദേശീയ ആരോഗ്യ ദൗത്യം ഫണ്ടുപയോഗിച്ച് നാലു കോടി രൂപ ചിലവിലാണ് കുട്ടികളുടെയും, സ്ത്രീകളുടെയും ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കിട്ടുള്ളത്. കുട്ടികളുടെയും സ്ത്രീകളുടെയും കെട്ടിടത്തില്‍ 50 പേരെ കിടത്തി ചികിത്സക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏഴു നില കെട്ടിടത്തില്‍ എമര്‍ജന്‍സി, ഓര്‍ത്തോപീഡിക്, ഇ.എന്‍.ടി, ഒഫ്ത്താല്‍മിക്, ജനറല്‍ സര്‍ജറി എന്നിങ്ങനെ അഞ്ച് ഓപ്പറേഷന്‍ തിയറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. സിടി സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌കാന്‍, എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയില്‍ അത്യാഹിത വിഭാഗം, ട്രോമാ-ഐസിയു, ഓപ്പറേഷന്‍ തിയറ്റര്‍, സി ടി സ്‌കാന്‍, എക്സ്-റേ, ലോണ്‍ട്രി, നഴ്സിങ് യൂണിറ്റുകള്‍.
ഒന്നാം നിലയില്‍ പരിശോധനാ കേന്ദ്രങ്ങള്‍, ഓഫീസുകള്‍, ഫാര്‍മസി, ഒപി കൗണ്ടര്‍, കോണ്‍ഫറന്‍സ് ഹാള്‍. രണ്ടാം നിലയില്‍ ബ്ലഡ് ബാങ്ക്, വാര്‍ഡുകള്‍. മൂന്നാം നിലയില്‍ ഇഎന്‍ടി, ശിശുരോഗ, നേത്രരോഗ വിഭാഗങ്ങള്‍, വാര്‍ഡുകള്‍. നാലാം നിലയില്‍ ഐസിയു, ഓപ്പറേഷന്‍ വാര്‍ഡുകള്‍. അഞ്ചാം നിലയില്‍ അനസ്തേഷ്യ മുറികള്‍, ഡയാലിസിസ്, സ്റ്റോര്‍ സേവനങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി, കെ. രാധാകൃഷ്ണന്‍ എം പി, കെ. ബാബു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു