കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം. ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
ഡിജിറ്റൽ കുറ്റകൃത്യങ്ങൾ തടയാൻ എല്ലാ ജില്ലകളിലും സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം വ്യാപിപ്പിച്ചു. സാങ്കേതികപരിജ്ഞാനവും യോഗ്യതയും അന്വേഷണ വൈദഗ്ധ്യവുമുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് ഓരോ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും നിയോഗിച്ചിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള അതിക്രമങ്ങൾ, ഓൺലൈൻ തട്ടിപ്പ് എന്നിങ്ങനെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സൈബർ പൊലീസ് സജ്ജമാണ്.
മികച്ച പ്രവർത്തനം കാഴ്ചവെച്ച കേരള പൊലീസ് സൈബർഡോമിന് 2020ലെ ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ എക്‌സലൻസ് അവാർഡ് ലഭിച്ചു. സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മികവ് പരിഗണിച്ച് സൈബർ ഡോമിന് ഐഎസ്ഒ സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. 2020ൽ ELETS awards for excellence സൈബർ ഡോമിന് ലഭിക്കുകയും ഇന്ത്യയിലെ ഏറ്റവും മികച്ച സൈബർ സെക്യൂരിറ്റി ഏജൻസിയായി തെരഞ്ഞെടുക്കുകയും ചെയ്തു.
ഡാർക്ക് വെബിലെ നിഗൂഢതകൾ നീക്കാനും കുറ്റകൃത്യങ്ങൾ വിശകലനം ചെയ്യാനുമായി ഹാക്ക് പി സമ്മിറ്റ് എന്ന ഹാക്കത്തോണിലൂടെ കേരളാ പോലീസ് GRAPNEL1.0 എന്ന സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുമായി കേരളാ പോലീസ് സൈബർ ഡോം ധാരണാപത്രത്തിൽ ഒപ്പിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനായി ഇക്കണോമിക് ഒഫൻസസ് വിങ്ങിന് രൂപം നൽകി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഫേക്ക് വീഡിയോ നിർമ്മിച്ച് പണം തട്ടിയെടുത്ത രാജ്യത്തെ ആദ്യ ‘ഡീപ്പ് ഫേക്ക്’ കേസ് കോഴിക്കോടാണ് റിപ്പോർട്ട് ചെയ്തത്. ഈ കേസിൽ നഷ്ടപ്പെട്ട തുക മുഴുവൻ വീണ്ടെടുക്കാനും കേരള പോലീസിന് സാധിച്ചു. സൈബർ തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന വിദേശ സംഘങ്ങളെയും ഈ കാലയളവിൽ പിടികൂടിയത് പോലീസിന്റെ കാര്യക്ഷമതയ്ക്ക് തെളിവാണ്.
ഓൺലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതിനൽകാനുളള കോൾസെന്റർ സംവിധാനം നിലവിൽവന്നു. ഓൺലൈനിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ ചെറുക്കാൻ 1930 എന്ന സൈബർ ക്രൈം ഹെൽപ് ലൈൻ പോലീസ് ആരംഭിച്ചു.
കേരള പോലീസിന്റെ സൈബർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന നിർമ്മിതബുദ്ധിയിൽ അധിഷ്ഠിതമായ സെക്യൂരിറ്റി ഓപ്പറേഷൻ സെന്ററിന് (SOC) തുടക്കം കുറിച്ചു. സൈബർ സുരക്ഷ പ്രതിരോധത്തിനുവേണ്ടി നിർി തബുദ്ധിയിൽ അധിഷ്ഠിതമായ സെക്യൂരിറ്റി ഓപ്പറേറ്റിങ് സെന്റർ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ പോലീസ് സേനയാണ് കേരള പോലീസ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി, കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്ന കേരള പൊലീസ് കുറ്റാന്വേഷണ രംഗത്തും സൈബർ സുരക്ഷാ മേഖലയിലും രാജ്യത്തിന് തന്നെ മാതൃകയാണ്.
കരുത്തോടെ കേരളം- 32