മണ്ണിനെയറിഞ്ഞും കൃഷി പാഠങ്ങള്‍ പഠിച്ചും ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസ് സ്കൂളിലെ കുട്ടികള്‍ കരനെല്‍കൃഷിക്ക് ഇറങ്ങിയപ്പോള്‍ സ്കൂളിൽ സംഘടിപ്പിച്ച ഞാറ് പറിച്ചുനടൽ ഉത്സവം വിദ്യാർഥികൾക്ക് വ്യത്യസ്ത അനുഭവമായി മാറി.
പാരമ്പര്യ കൃഷിരീതികൾ കുട്ടികൾ മനസ്സിലാക്കുന്നതിനും സസ്യ ശാസ്ത്രം പഠിക്കുന്നതിനുമായി അഞ്ചുവർഷം മുമ്പ് സ്കൂളിൽ തുടക്കംകുറിച്ച കരനെൽകൃഷിയുടെ തുടർച്ചയായാണ് ഇത്തവണയും ഞാറ് നടൽ ഉത്സവം സംഘടിപ്പിച്ചത്. പരമ്പരാഗത വേഷവിധാനങ്ങളോടെയാണ് വിദ്യാർഥിസംഘം സ്കൂളിനോട് ചേർന്ന് തയ്യാറാക്കിയ കൃഷിയിടത്തിലെത്തിയത്. രക്ഷിതാക്കളും കൃഷി ഉദ്യോഗസ്ഥരും അധ്യാപകരും ജനപ്രതിനിധികളും അവരോടൊപ്പം ചേർന്നതോടെ ഞാറുനടല്‍ കൃഷിയുത്സവമായി മാറി.
നെൽകൃഷിക്ക് പുറമെ പച്ചക്കറി, പൂവ്, മത്സ്യകൃഷി എന്നിവയും സ്കൂളിലുണ്ട്. ഇവയിൽ നിന്ന് ലഭിക്കുന്ന വിളവുകൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്. പ്രശസ്ത യുവകർഷകൻ സുജിത്ത് സ്വാമിനികർത്തിലാണ് (വെറൈറ്റി ഫാർമർ) കുട്ടികൾക്ക് കൃഷിയുടെ ആദ്യപാഠങ്ങൾ പകർന്നു നൽകുന്നത്. സുജിത്തിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ നടീൽ ഉത്സവത്തിനെത്തിയത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ രശ്മി, പ്രഥമാധ്യാപിക പി ഐ മിനി, പിടിഎ പ്രസിഡന്റ് എം ജി ഗിരിപ്രസാദ്, സീഡ് ക്ലബ്ബ് കോ ഓർഡിനേറ്റർ സിനി പൊന്നപ്പൻ, സ്കൂൾ സീനിയർ അസിസ്റ്റന്റ് നിഷ ടീച്ചർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
