* കേരളത്തിലുൾപ്പെടെ ജാതി വിവേചനം നേരിട്ട ഇടങ്ങളിലെല്ലാം തന്തൈ പെരിയാർ സ്വാധീനം ചെലുത്തി: തമിഴ്നാട് പൊതുമരാമത്ത് മന്ത്രി
വൈക്കം സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തപ്പോൾ അന്നത്തെ രാജഭരണം ഇ.വി.രാമസ്വാമി നായ്ക്കരെ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക് അരൂക്കുറ്റിയിൽ ഉണ്ടായിരുന്ന ജയിലിൽ അടച്ചതിന്റെ സ്‌മരണക്കായി തമിഴ്‌നാട് സർക്കാർ അരൂക്കുറ്റിയിൽ നിർമിക്കുന്ന തന്തെ പെരിയാർ സ്മാരകത്തിന്റെ ശിലാസ്ഥാപനം തമിഴ്നാട് പൊതുമരാമത്ത് ദേശീയപാത-ചെറിയ തുറമുഖങ്ങൾ വകുപ്പ് മന്ത്രി ഇ.വി. വേലു നിർവഹിച്ചു.
കേരളം ഉൾപ്പെടെ ജാതി വിവേചനം നേരിട്ട എല്ലായിടങ്ങളിലും മനുഷ്യർ അടിച്ചമർത്തപ്പെട്ട ഇടങ്ങളിലും തന്തൈ പെരിയാറിന്റെ സ്വാധീനം വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിനായി പോരാടാൻ ഇ.വി. രാമസ്വാമി നായ്ക്കർ കേരളത്തിൽ എത്തിയത് ഇവിടുത്തെ നേതാക്കളുടെ അഭ്യർത്ഥനപ്രകാരമാണ്. അദ്ദേഹം ഇവിടെ കുടുംബത്തോടൊപ്പം എത്തിയാണ് പോരാട്ടത്തിന് ആവേശം പകർന്നത്. സമരം വിജയത്തിലെത്തിക്കാനും അദ്ദേഹത്തിനായെന്ന് മന്ത്രി പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സഹോദരസ്ഥാനത്ത് നിന്നുകൊണ്ടാണ് അരൂക്കുറ്റിയിൽ ജയിലിനരുകിൽ ബോട്ട് ജെട്ടിയ്ക്ക് സമീപം തമിഴ്‌നാട് സർക്കാരിന് അരയേക്കർ സ്ഥലം നൽകിയതെന്നും ഇക്കാര്യത്തിൽ തമിഴ്നാടിന് ഏറെ കടപ്പാട് ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജയിൽ മാതൃകയിൽ നിർമ്മിക്കുന്ന തന്തൈ പെരിയാർ സ്മാരകത്തിൽ തന്തെ പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ഹാൾ, പാർക്ക്, ഉദ്യാനം മറ്റ് വിനോദസഞ്ചാര പദ്ധതികൾ തുടങ്ങിയവ ഒരുക്കാനാണ് പദ്ധതി.
ഫിഷറീസ്-സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജാതി വിവേചനത്തിനെതിരെയും സഞ്ചാര സ്വാതന്ത്ര്യത്തിനായും നടത്തിയ ഐതിഹാസിക സമരമായിരുന്നു വൈക്കം സത്യാഗ്രഹം. അത് വിജയത്തിലെത്തിച്ചത് ഇ.വി.രാമസ്വാമി നായക്കരുടെ സാന്നിധ്യമാണ്. കേരള തമിഴ്നാട് സർക്കാരുകൾ ചേർന്നാണ് വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിച്ചത്. കേരള സർക്കാർ അര ഏക്കർ സ്ഥലം നികുതിരഹിതമായാണ് തമിഴ്നാടിന് അരൂക്കുറ്റിയിൽ സ്മാരകത്തിനായി വിട്ടു നൽകിയത്. തമിഴ്നാടും കേരളവും ഇന്ത്യയിലെ യുവാക്കൾക്ക് നൽകുന്ന ജാതിമത ചിന്തകൾക്ക് അതീതമായ ആശയങ്ങളാണ് ഇത്തരം സ്മാരകങ്ങളെന്നും മന്ത്രി സജി ചെറിയാൻ ചൂണ്ടിക്കാട്ടി.
തമിഴ്‌നാട് തമിഴ് വികസന, ഇൻഫർമേഷൻ വകുപ്പ് മന്ത്രി എം.പി. സ്വാമിനാഥൻ സന്നിഹിതനായി. ദലീമ ജോജോ എം.എൽ.എ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പ്രസിഡന്റ്റ് അഡ്വ. വി.ആർ. രജിത, അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത്, ജില്ലാ പഞ്ചായത്തംഗം ബിനിതാ പ്രമോദ് , ബ്ലോക്ക് അംഗം അനിമോൾ അശോകൻ, അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് അംഗം വിദ്യ രഞ്ചിത്ത്, പൊതുമരാമത്ത് ചീഫ് എൻജിനിയർ ആർ. രംഗനാഥൻ, ചെന്നൈ പൊതുമരാമത്ത് ചീഫ് എൻജിനീയർ എസ് മണിവണ്ണൻ എന്നിവർ സംസാരിച്ചു.
തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളുടെ അതിർത്തിയായിരുന്ന അരൂക്കുറ്റിയിൽ 1141 സ്ക്വയർ ഫീറ്റ് വരുന്ന സ്മാരകത്തിനും അനുബന്ധ പ്രവർത്തികൾക്കുമായി നാല് കോടി രൂപയാണ് തമിഴ്നാട് സർക്കാർ ചെലവഴിക്കുക.
