വട്ടവട ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ഭാവിവികസനങ്ങളും ചർച്ചചെയ്ത് വികസന സദസ്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സദസ് പഞ്ചായത്ത് പ്രസിഡന്റ് ഗണപതിയമ്മാൾ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. വിനോദ് കുമാർ പഞ്ചായത്തിൻ്റെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. കൃഷി ധനസഹായമായി കഴിഞ്ഞ നാലുവർഷംകൊണ്ട് 30 ലക്ഷം രൂപ വകയിരുത്തി. കൂടാതെ വട്ടവട ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത മനസ്സിലാക്കി കാർഷിക വിളയായ സ്ട്രോബെറി കൃഷി ചെയ്യുന്നതിന് പൂനയിൽ നിന്ന് ഹൈബ്രിഡ് വിത്തിനം നാട്ടിലെത്തിച്ച് കർഷകർക്ക് നൽകി. ഇതിലൂടെ ചെറിയ സ്ട്രോബറി പഴത്തിന് പകരം വലിപ്പം കൂടിയ സ്ട്രോബെറി പഴങ്ങൾ കൃഷി ചെയ്യാൻ കഴിഞ്ഞു. നിലവിൽ ഏകദേശം 32 ഹെക്ടർ സ്ഥലത്ത് സ്ട്രോബറി കൃഷി വ്യാപിപ്പിക്കുന്നതിനും സാധിച്ചു. കൂടാതെ ശീതകാല പച്ചക്കറികളായ ബട്ടർ ബീൻസ്, കാബേജ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി ക്യാരറ്റ് മുതലായ ഇനങ്ങൾ കൃഷി ചെയ്യുന്നതിന് കൃഷികാർക്ക് ധനസഹായം നൽകുന്നതിന് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
ലൈഫ് ഭവന പദ്ധതിയിൽ കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിലായി 570 പേർക്ക് വീടെന്ന സ്വപ്നം സാക്ഷാത്‌കരിച്ചു. ലൈഫ് ഭവന പദ്ധതിക്കായി 2025-26 സാമ്പത്തിക വർഷം വികസന ഫണ്ടും ലോണും ഉൾപ്പെടെ 3.96 കോടി വകയിരുത്തിയിട്ടുണ്ട്.
ജൽ ജീവൻ മിഷൻ പദ്ധതിയിൽ പഞ്ചായത്തിൽ 22 കോടി രൂപയുടെ പദ്ധതിയ്ക്കാണ് രൂപം നൽകിയിരിക്കുന്നത്. പദ്ധതിപ്രകാരം 800 കുടുംബങ്ങൾ കുടിവെള്ളം ലഭ്യമാകും.
ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിനായി റോഡ് ഫണ്ട് പ്ലാൻ ഫണ്ട്, തനത് ഫണ്ട് ഉൾപ്പെടെ 61 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ 4 സാമ്പത്തിക വർഷങ്ങളിലായി 65.59 ലക്ഷം രൂപയുടെ റോഡ് വികസന പ്രവർത്തികൾ പൂർത്തീകരിച്ചു.
ലൈഫ് മിഷൻ വഴി കൂടുതൽ പേർക്ക് വീടുകൾ ലഭ്യമാക്കണമെന്ന് പൊതുചർച്ചയിൽ അഭിപ്രായം ഉയർന്നു. റോഡുകളുടെ വികസനം, മെച്ചപ്പെട്ട ശുചീകരണ പ്രവർത്തനങ്ങൾ, കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, തൊഴിലുറപ്പ് പദ്ധതിയിലൂടെ കൂടുതൽ തൊഴിൽ തുടങ്ങിയ ആവശ്യങ്ങളും ചർച്ചയിൽ ഉയർന്നു.
വൈസ് പ്രസിഡന്റ് സി. മനോഹരൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പരിമള എൻ വി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രതീഷ്. പി.ജെ, റിസോഴ്സ് പേഴ്സൺ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
