സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്തുന്നതിനും സ്ത്രീകൾക്കു മാത്രമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഷീ വെൽനസ് സെൻറർ (വനിത ജിം) ആരംഭിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ടെൽഷ്യ നിർവഹിച്ചു.
വനിത ജിമ്മിന്റെ പ്രവർത്തനങ്ങൾക്കായി 35 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. 20 ലക്ഷം രൂപ ജിം നിർമ്മാണത്തിനും 15 ലക്ഷം രൂപ ജിം ഉപകരണങ്ങൾ വാങ്ങുന്നതിനും വിനിയോഗിക്കും. ജനുവരി ആദ്യവാരത്തിൽ ജിം പ്രവർത്തനം ആരംഭിക്കും. രാവിലെ അഞ്ചു മുതൽ രാവിലെ 10 വരെയും വൈകിട്ട് അഞ്ച് മുതൽ രാത്രി 10 മണി വരെയുമായിരിക്കും ജിം പ്രവർത്തിക്കുക. വനിത പരിസീലകരാണ് സ്ത്രീകൾക്ക് പരിശീലനം നൽകുക. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ കെട്ടിടത്തിന്റെ രണ്ടാം നിലയാണ് ജിം സജ്ജീകരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ ജീവൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വിജയകുമാരി, വി കെ സാബു, ജയ പ്രതാപൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ യു അനീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ മൃദുല, എൽ എസ് ജി ഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ബി ജിനേഷ്, അസിസ്റ്റൻറ് എൻജിനീയർ ദിവ്യ ജോൺ തുടങ്ങിയവർ പങ്കെടുത്തു.
