ഗ്രാമപഞ്ചായത്തുകൾ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ലാഭം ലക്ഷ്യംവെച്ചല്ലെന്നും ജനങ്ങളുടെ ക്ഷേമവും ജീവിത നിലവാരത്തിന്റെ ഉയര്‍ച്ചയും ലക്ഷ്യമാക്കിയാണെന്നും യു. പ്രതിഭ എം.എൽ.എ പറഞ്ഞു. പത്തിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് പഞ്ചായത്ത് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കായംകുളം മണ്ഡലത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത് റോഡുകളുടെ വികസനത്തിനാണ്. കണ്ണിലെ കൃഷ്ണമണി പോലെയാണ് സംസ്ഥാന സർക്കാർ പഞ്ചായത്തുകളെ കാണുന്നതെന്നും എംഎൽഎ പറഞ്ഞു.

കെഎസ്ആർടിസിക്ക് പ്രതിവർഷം ഡീസൽ ചാർജായി 12 ലക്ഷം രൂപ അടച്ചുകൊണ്ട് ഗ്രാമവണ്ടി പദ്ധതി പഞ്ചായത്ത് ഏറ്റെടുത്തതായും മഴക്കാലത്ത് സ്‌കൂൾ കുട്ടികൾക്ക് സൗജന്യമായി ഗ്രാമവണ്ടിയുടെ സേവനം ലഭിച്ചുവരുന്നതായും ജില്ലയിൽ ഈ പദ്ധതി ഏറ്റെടുത്ത ഏക പഞ്ചായത്ത് പത്തിയൂരാണെന്നും സദസ്സില്‍ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടില്‍ പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ അധ്യക്ഷയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബുജാക്ഷി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ അസിസ്റ്റൻ്റ് സെക്രട്ടറി ബി ആശയും പ്രോഗ്രസ് റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി എസ് സിന്ധുവും അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനു ചെല്ലപ്പൻ പഞ്ചായത്ത് കൈ വരിച്ച നേട്ടങ്ങളും ആവശ്യമായ വികസനവും അവതരിപ്പിച്ചു.