വിവിധ മേഖലകളിലെ അഞ്ച് വര്‍ഷത്തെ വികസനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് നിറമരുതൂര്‍ ഗ്രാമ പഞ്ചായത്ത്. ഏഴര വര്‍ഷക്കാലം വി.സി. കമല ടീച്ചറുടെയും, ഏഴര വര്‍ഷം കെ.വി. സിദ്ദിഖിന്റെയും, അഞ്ചു വര്‍ഷക്കാലം വി.വി. സുഹറ റസാക്കിന്റെയും, ആറുമാസകാലം പി.പി. സൈദലവിയുടെയും, നാലര വര്‍ഷക്കാലം ഇസ്മായില്‍ പുതുശ്ശേരിയുടെയും നേതൃത്വത്തിലുള്ള ഭരണ സംവിധാനം നാനാതുറയിലും ഉള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പദ്ധതി നിര്‍വ്വഹണത്തില്‍ തുടര്‍ച്ച നഷ്ടപ്പെടാതെയുള്ള പഞ്ചായത്ത് പ്രവര്‍ത്തനങ്ങളാണ് ഇതിന് വഴിയൊരുക്കിയത്. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികള്‍ തമ്മിലുള്ള ഏകോപനവും പരസ്പര സഹകരണവും ഉദ്യോഗസ്ഥ തലത്തിലെ കാര്യക്ഷമതയും പദ്ധതി നിര്‍വ്വഹണത്തിലെ മികവിന് സഹായകരമായി.

മലപ്പുറം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മോഡല്‍ സിഡിഎസുകളില്‍ ഒന്നും കൂടാതെ സേവന രംഗത്ത് ഐഎസ്ഒ 9001/2015 നേടി പഞ്ചായത്ത് കുടുംബശ്രീ സംവിധാനം മുന്നിട്ട് നില്‍ക്കുന്നു, സ്ത്രീശാക്തീകരണത്തിന് കുടുംബശ്രീയുടെ പ്രവര്‍ത്തനം മാതൃകാപരവുമാണ്. 28 അങ്കണവാടികളിലെയും വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും കൊച്ചുകുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ചക്ക് സജീവമായ സംഭാവന നല്‍കി. ആശാവര്‍ക്കാര്‍മാര്‍ ആരോഗ്യരംഗത്ത് പ്രശംസനീയമായ പ്രവര്‍ത്തനം നടത്തുമ്പോള്‍ മാലിന്യമുക്ത പഞ്ചായത്തെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഹരിതകര്‍മസേന അംഗങ്ങള്‍ മികച്ച പ്രവര്‍ത്തനം തുടരുകയാണ്. ഒപ്പം അങ്കണവാടികള്‍ ശീതീകരിക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിലവില്‍ മുന്നോട്ട് പോകുന്നു.

ഭിന്നശേഷിക്കാര്‍,വയോജനങ്ങള്‍ എന്നിവരുടെ ക്ഷേമത്തിന് ഉതകുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും പഞ്ചായത്ത് മുന്‍കൈയ്യെടുക്കുന്നു. പൊലിശ്ശേരി മുഹമ്മദ് കുട്ടി ഹാജി നല്‍കിയ സ്ഥലവും കമ്മിറ്റി സമാഹരിച്ച പണവും ഉപയോഗിച്ച് ബഡ്‌സ് സ്‌കൂള്‍ പ്രവൃത്തിയും തുടങ്ങി. ആരോഗ്യ-വിദ്യാഭ്യാസ-കാര്‍ഷിക ഗതാഗത മേഖലയില്‍ ഉള്‍പ്പെടെ എല്ലാ രംഗത്തും വികസനം സാധ്യമാക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു. പഞ്ചായത്ത് പരിധിയിലെ പ്രധാന എട്ട് റോഡുകളും റബ്ബറൈസ് ചെയ്തവയാണ് എന്നത് ശ്രദ്ധേയമാണ്. മറ്റെവിടെയും ഇല്ലാത്ത അപൂര്‍വ്വ കാല്‍വെപ്പാണ് ഈ മേഖലയില്‍ നിറമരൂതൂരിലേത്. നിറമരുതൂരിലെ ഒട്ടുമിക്ക പ്രദേശങ്ങളിലേക്കും ഗതാഗത സൗകര്യം ഒരുക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്കായിട്ടുണ്ട്. തുടങ്ങിവെച്ച റോഡ് ഗതാഗത നിര്‍മ്മാണ-നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുകയുമാണ്.

ഇതിനൊപ്പം പൊതുവിദ്യാലയങ്ങള്‍,അങ്കണവാടികള്‍,കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നതിലും പഞ്ചായത്ത് നടത്തിയത് മാതൃകാപ്രവര്‍ത്തനങ്ങളാണ്. ഗ്രാമപഞ്ചായത്ത് രൂപീകരിക്കുന്ന ഘട്ടത്തില്‍ നാമപാത്രമായ റോഡുകളാണ് നിറമരുതൂരില്‍ ഉണ്ടായിരുന്നത്. കൃത്യമായി ഗതാഗത സൗകര്യങ്ങളോ നടവഴികളോ ഇല്ലാതിരുന്ന പഞ്ചായത്തിനെ ഭരണസംവിധാനം ഉപയോഗപ്പെടുത്തി ജനങ്ങളുടെ സഹായത്തോടുകൂടി ഭൂമി കണ്ടെത്തുകയും മുഴുവന്‍ ജനങ്ങള്‍ക്കും ഗതാഗത സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു. പഞ്ചായത്തിലെ എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കുന്നതിന് പഞ്ചായത്ത് വികസന ഫണ്ട്, എം.എല്‍.എ,എം.പി ഫണ്ടുകള്‍, ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകള്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് ഫണ്ട്, മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട്, പട്ടികജാതി വകുപ്പ് ഫണ്ട് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന ഫണ്ടുകള്‍ എന്നിവ കൃത്യമായി വിനിയോഗിച്ചതാണ് വിജയമായത്.

കാര്‍ഷിക മേഖലയില്‍ വിവിധങ്ങളായിട്ടുള്ള പദ്ധതികള്‍ നടപ്പാക്കിയത് മറ്റൊരു നേട്ടമാണ്. ജലാശയ സംരക്ഷണം എന്നിവക്കൊപ്പം കുടിവെള്ള പദ്ധതികളും ആരംഭിക്കാനായി. ഗ്യാസ് ക്രിമിറ്റോറിയം നിര്‍മ്മാണം പൂര്‍ത്തിയാക്കാനായതും പ്രവര്‍ത്തനം തുടങ്ങാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തി തുടങ്ങിയ നേട്ടങ്ങളുമായി നിറമരുതൂര്‍ പഞ്ചായത്ത് മുന്നേറുകയാണ്.
വിവിധ മേഖലയിലെയും വികസനം ജനങ്ങളിലേക്ക് എത്തിച്ച് നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് ശ്രദ്ധേയമായി. നിറമരുതൂര്‍ യുപി സ്‌കൂളില്‍ നടന്ന സദസ്സ് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരിയുടെ അധ്യക്ഷതയില്‍ കായിക- ന്യൂനപക്ഷ ക്ഷേമ- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.

ഒരു നാടിന്റെ വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വികസനസദസ്സില്‍ സ്ത്രീ സാന്നിധ്യം അനിവാര്യമെന്നും 2031ല്‍ പഞ്ചായത്ത് വികസനം ഏത് തലത്തില്‍ എത്തണം എന്നുള്ളത് ജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും കണക്കിലെടുത്തുകൂടെ ആകണമെന്നും, ദാരിദ്ര്യം പൂര്‍ണമായും സംസ്ഥാനത്തു നിന്നും നീക്കാനാണ് ലക്ഷ്യമെന്നും ഒരു അതിദരിദ്ര്യ കുടുംബം പോലും ഇല്ലാത്ത പഞ്ചായത്തായി നിറമരുതൂര്‍ മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസനം അടിത്തട്ടില്‍ നിന്നും ആരംഭിക്കുക എന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാറിന്റെ വികസന ഫണ്ടില്‍ മൂന്നില്‍ ഒരു ഭാഗം വിഹിതം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്. വികസന രംഗത്തും മറ്റു മേഖലകളിലും രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്.

സദസ്സില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും വികസന പ്രശ്നങ്ങളെയും കുറിച്ച മന്ത്രി സംവദിച്ചു. കൂടെ വീഡിയോ പ്രദര്‍ശനവും നടന്നു. അങ്കണവാടി ജീവനക്കാരും നാട്ടുകാരും ചര്‍ച്ചയില്‍ പങ്കെടുക്കുകയും ആവശ്യങ്ങളും അഭിപ്രായങ്ങളും ഉന്നയിക്കുകയും ചെയ്തു.

പ്രസ്തുത പരിപാടിക്ക് നിറമരുതൂര്‍ പഞ്ചായത്ത് സെക്രട്ടറി അശ്വിനി സ്വാഗതവും വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വി.ഇ.എം ഇഖ്ബാല്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. സൈദലവി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാസര്‍ പോളാട്ട്, മറ്റു ജനപ്രതിനിധികള്‍ എന്നിവരും സംസാരിച്ചു.