താമരക്കുളം ഗ്രാമപഞ്ചായത്തിൽ 86 പേർ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരായതായി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വികസന സദസ്സ് വിലയിരുത്തി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി വികസന സദസ്സ് ഉദ്ഘാടനം ചെയ്തു.
കെ സ്മാർട്ട് ഹെല്പ് ഡസ്ക്, ഗ്രാമപഞ്ചായത്തിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനം, ചർച്ച എന്നിവ സദസ്സിന്റെ ഭാഗമായി നടന്നു. ഡിജി കേരളം വഴി കണ്ടെത്തിയ 1321 പഠിതാക്കളുടെയും പരിശീലനം പൂർത്തീകരിക്കുകയും ലൈഫ് ഭവനപദ്ധതി വഴി ഭവന രഹിത ഗുണഭോക്താക്കളിൽ 263 പേർക്ക് വീട് പൂർത്തീകരിച്ചു നൽകിതായും സദസ്സിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. താമരക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി.
കഴിഞ്ഞ മൂന്ന് വർഷക്കാലവും ആലപ്പുഴ ജില്ലയിലെ ഏറ്റവും കൂടുതൽ വിറ്റുവരവുള്ള സി ഡി എസ് എന്ന ബഹുമതി താമരക്കുളം കുടുംബശ്രീയ്ക്ക് ലഭിച്ചു. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റി തല ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, എം സി എഫ്, 16 മിനി എം സി എഫുകൾ, 13 ബോട്ടിൽ ബൂത്തുകൾ തുടങ്ങിയവ സ്ഥാപിച്ചു. പാലിയേറ്റീവ് കെയർ രംഗത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1600ൽ അധികം കിടപ്പ് രോഗികൾക്ക് ചികിത്സാ സൌകര്യങ്ങൾ ലഭ്യമാക്കി. തൊഴിൽ സഭ, ഇരപ്പൻ പാറ റെയിൻബോ വാട്ടർ ഫാൾസ് ആന്റ് ഇക്കോ ടൂറിസം, വയ്യാങ്കര ചിറ ടൂറിസം, ഓണം കാർഷികോൽസവം, കൃഷിയിടങ്ങളിൽ സോളാർ വേലി സ്ഥാപിക്കൽ എന്നീ നൂതനാശയങ്ങളും നടപ്പിലാക്കി.
സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, കർഷകർ, ഉദ്യോഗസ്ഥർ, മുതിർന്ന പൗരന്മാർ, കലാകായിക രംഗം, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി വേണു അധ്യക്ഷനായി. റിസോഴ്സ് പേഴ്സൺ ജയൻ സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളും പഞ്ചായത്ത് സെക്രട്ടറി ജി മധു പഞ്ചായത്തിന്റെ നേട്ടങ്ങളും അവതരിപ്പിച്ചു. അസൂത്രണ സമിതി ഉപാധ്യക്ഷൻ വി ശിവൻപിള്ള ഓപ്പൺഫോറം നയിച്ചു. സദസ്സിന്റെ ഭാഗമായി ഈ മാസം 17 ന് നടന്ന വിജ്ഞാന കേരളം തൊഴിൽമേളയിൽ 40 ഓളം തൊഴിലന്വേഷകർ പങ്കെടുത്തു. 14 ഉദ്യോഗാർഥികൾ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
