ലൈഫ് ഭവന പദ്ധതിയിലൂടെ പഞ്ചായത്തിലെ 148 കുടുംബങ്ങൾക്ക് വീട് നിര്‍മ്മിച്ചു നല്‍കിയതായും 73 ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി നൽകിയതായും ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് വികസന സദസ്സ്. പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സദസ്സ് ജില്ലാ പഞ്ചായത്തംഗം ജി ആതിര ഉദ്ഘാടനം ചെയ്തു.

പശ്ചാത്തല സൗകര്യ വികസനത്തിൻ്റെ ഭാഗമായി 90 റോഡുകളുടെ പുനരുദ്ധാരണത്തിന് 10 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയതായും 15.28 കോടി രൂപയുടെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് 26 റോഡുകളുടെ നവീകരണം പൂർത്തീകരിച്ചതായും സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

അഗതി ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി 90 ഗുണഭോക്താക്കൾക്ക് പഞ്ചായത്തില്‍ സേവനം നൽകുന്നു. സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനത്തിന്റെ ഭാഗമായി 7064 വീടുകളിൽ നിന്നും 356 സ്ഥാപനങ്ങളിൽ നിന്നും മാലിന്യ ശേഖരണം നടത്തിവരുന്നുണ്ട്. 25 ലക്ഷം രൂപ ചെലവഴിച്ച് എംസിഎഫ് നിർമ്മാണത്തിനായി സ്ഥലം വാങ്ങുകയും നിർമ്മാണ പ്രവർത്തനങ്ങൾക്കായി 30 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. എംഎൽഎ ഫണ്ട് ഉപയോഗിച്ച് 1.38 കോടി രൂപ ചെലവിൽ ഫിഷ് ലാൻഡിങ് സെന്ററിന്റെ നിർമ്മാണം പൂർത്തീകരിച്ചതായും 1.75 കോടി രൂപ നെൽകൃഷി വികസനത്തിനായി മാത്രം അനുവദിച്ചതായും പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അധ്യക്ഷയായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ ദിപു പടകത്തിൽ, ഉമ താരാനാഥ്, പഞ്ചായത്തംഗങ്ങളായ പ്രസന്ന കുമാരി, കെ വിനു, അജിത ദേവരാജൻ, ലീലാമ്മ ഡാനിയേൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വിജയകുമാർ, സിഡിഎസ് ചെയർപേഴ്സൺ ലേഖ സജീവ്, പഞ്ചായത്ത് സെക്രട്ടറി എസ് മധു മോഹൻ, ഹരിതകർമ്മസേനാഗംങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു