കേരളം പിറന്നതുമുതല്‍ ഇന്നോളം എല്ലാ മേഖലയിലും അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളാണ് കൊയ്തതെന്ന് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍.ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള ഹൗസും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവിയുടെ 69-ാം വാര്‍ഷികാഘോഷവും മലയാള ദിന- ഭരണഭാഷാ വാരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആംഡ് ഫോഴ്‌സ് ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് രാജേന്ദ്ര മേനോന്‍.

കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വൈകുന്നേരം ആറിന് ആരംഭിച്ച ചടങ്ങില്‍ കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ അശ്വതി ശ്രീനിവാസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കംപ്‌ട്രോളര്‍ & ഓഡിറ്റര്‍ ജനറല്‍ റബേക്ക മത്തായി ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കണ്‍ട്രോളര്‍ എ.എസ്.ഹരികുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ലെയ്‌സണ്‍ ഓഫീസര്‍ രാഹുല്‍ കെ.ജയ്‌സ്വര്‍, നോര്‍ക്ക ഡവലപ്പ്‌മെന്റ് ഓഫീസര്‍ ജെ.ഷാജിമോന്‍ , കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍നാഥ്,എയ്മ നാഷണല്‍ ചെയര്‍മാന്‍ ബാബു പണിക്കര്‍, ജനസംസ്‌കൃതി പ്രസിഡന്റ് വി.ശങ്കരനാരായണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന കലാസന്ധ്യയില്‍ പദ്മശ്രീ ലീലാ ഓംചേരി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഗാനാര്‍ച്ചനയും നടന്നു.പദ്മശ്രീ ലീലാ ഓംചേരിയുടെ അനുസ്മരണാര്‍ത്ഥം അവരുടെ ശിഷ്യരുടെ നേതൃത്വത്തിലാണ് ഗാനാര്‍ച്ചന സംഘടിപ്പിച്ചത്. മകള്‍ ദീപ്തി ഓംചേരി ഭല്ലയും ചടങ്ങില്‍ പങ്കെടുത്തു.