ആന്റിബയോട്ടിക് മരുന്നുകളുടെ അശാസ്ത്രീമായ ഉപയോഗം ഇല്ലാതാക്കുന്നതിന് വേണ്ടി മരുന്നുഷോപ്പ് ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ സന്ദര്‍ശിച്ചുള്ള ബോധവത്ക്കരണത്തിന് ആരോഗ്യവകുപ്പ് തുടക്കം കുറിച്ചു. സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളത്തെ സമ്പൂര്‍ണ്ണ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കുന്ന പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ആന്റിബയോട്ടിക്കുകളുടെ അമിതവും അശാസ്ത്രിയവുമായ ഉപയോഗം, രോഗകാരികളായ സൂക്ഷ്മാണുക്കള്‍ പ്രതിരോധശേഷി നേടുന്ന ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് എന്ന അവസ്ഥയ്ക്ക് കാരണമാകും. അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുക, ഇവയുടെ അമിതവും അനിയന്ത്രിതവുമായ ഉപയോഗം, ആന്റിബയോട്ടിക്കുകളുടെ കോഴ്സ് പൂര്‍ത്തിയാക്കാതിരിക്കുക, ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകളുടെ സ്വയം ഉപയോഗം, മൃഗങ്ങള്‍ക്കുള്ള ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം, ആന്റിബയോട്ടിക്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുക തുടങ്ങിയവയെക്കുറിച്ച് ബോധവത്ക്കരണം നടത്തിയത്.

ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ഷിബുലാല്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മാത്യു ജെ. വാളംപറമ്പില്‍, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ഡി.എസ്. വിജയകുമാര്‍ എന്നിവരടങ്ങുന്ന ജില്ലാ സംഘമാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. മലപ്പുറം നഗരസഭാ പ്രദേശത്തെ മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ചാണ് ബോധവത്ക്കരണം നടത്തിയത്. ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ പൊതുജനം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ടി.കെ. ജയന്തി നിര്‍ദ്ദേശിച്ചു.