വരുമാനദായക തൊഴില്‍ മേഖലകളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുക, സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജനുവരി ഒന്നുമുതല്‍ ‘ഉയരെ’ ജില്ലാതല ജെന്‍ഡര്‍ ക്യാമ്പയിന് തുടക്കമാകും. ക്യാപയിന് മുന്നോടിയായി സ്റ്റേറ്റ് മിഷനില്‍ നിന്ന് പരിശീലനം ലഭിച്ച മാസ്റ്റര്‍ പരിശീലകരുടെ നേതൃത്വത്തില്‍ രണ്ട് ബാച്ചുകളായി കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, ജന്‍ഡര്‍ ആര്‍.പി, വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍, മറ്റ് ആര്‍.പിമാര്‍ എന്നിവര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. മലപ്പുറത്ത് കോട്ടപ്പടി അബ്ദുറഹ്‌മാന്‍ ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു, ജന്‍ഡര്‍ ഡി.പി.എം റൂബി രാജ് സ്വാഗതം പറഞ്ഞു.

അയല്‍ക്കൂട്ട,ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ക്യാമ്പയിനില്‍ സുസ്ഥിര തൊഴിലും വരുമാനവും നേടുന്നതിലൂടെ തങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തികവും സാമൂഹികവും വൈകാരികവുമായ മുന്നേറ്റത്തെക്കുറിച്ച് സ്ത്രീകളെ ബോധ്യപ്പെടുത്തും. തുടര്‍ന്ന് അവരുടെ താത്പര്യവും,വിദ്യാഭ്യാസ യോഗ്യതയുമനുസരിച്ച് വിവിധ തൊഴില്‍ രംഗങ്ങളുമായി ബന്ധിപ്പിക്കാനാണ് ശ്രമം.

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍, എന്നിവയുമായുള്ള സംയോജനവും ഉറപ്പാക്കും. വേതനാധിഷ്ഠിത തൊഴിലും സ്ത്രീപദവിയും, ലിംഗ വ്യത്യാസവും ലിംഗപദവിയും, സുരക്ഷിത തൊഴിലിടം, കുടുംബശ്രീ ജന്‍ഡര്‍ പിന്തുണ സംവിധാനങ്ങള്‍, ഹാപ്പി കേരളം എന്നീ മൊഡ്യൂളുകള്‍ ആര്‍.പിമാരായ വന്ദന, ആതിര, പ്രമീള എന്നിവര്‍ ചര്‍ച്ച ചെയ്തു. പരിശീലന പരിപാടിയില്‍ 200ലധികം പേര്‍ പങ്കെടുത്തു