കാലാവസ്ഥാ നിര്‍ണയം മുതല്‍ ബഹിരാകാശ വിനിമയം വരെയുള്ള ആധുനിക സാങ്കേതിക വിദ്യകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കിയ ‘ലിറ്റില്‍ കൈറ്റ്‌സ്’ ദ്വിദിന ജില്ലാ ക്യാമ്പ് സമാപിച്ചു. പാലക്കാട് ലക്കിടി ജവഹര്‍ലാല്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്ന ക്യാമ്പില്‍ കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍, മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സ്‌കൂളുകള്‍ക്ക് നല്‍കിയ അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ വിവിധ പ്രോജക്റ്റുകള്‍ തയ്യാറാക്കിയത്.

പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകള്‍, ചെടികള്‍ക്ക് സ്വയം വെള്ളമൊഴിക്കുന്ന സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍, വായു ഗുണനിലവാര പരിശോധനാ സംവിധാനങ്ങള്‍, സ്മാര്‍ട്ട് വെതര്‍ സ്റ്റേഷനുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ക്യാമ്പിലൂടെ കുട്ടികള്‍ക്ക് സാധിച്ചു. കൂടാതെ, കാഴ്ച പരിമിതര്‍ക്കായി സ്മാര്‍ട്ട് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും കുട്ടികള്‍ പങ്കാളികളായി. റോവര്‍ റോബോട്ടുകളുടെ നിര്‍മ്മാണത്തിലും കുട്ടികള്‍ സജീവമായി ഇടപെട്ടു.

ക്യാമ്പിലെ അനിമേഷന്‍ വിഭാഗത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ചുള്ള ത്രിമാന അനിമേഷന്‍ നിര്‍മ്മാണമാണ് പ്രധാനമായും നടന്നത്. മോഡലിങ്, ടെക്സ്റ്ററിങ്, ലൈറ്റിങ്, ക്യാമറ അറേഞ്ച്‌മെന്റ്, റിഗ്ഗിങ്, സൗണ്ട് മിക്‌സിങ് തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ വിശദമായി പരിചയപ്പെട്ട കുട്ടികള്‍, നാല് സീനുകളുള്ള ലഘു അനിമേഷന്‍ ചിത്രവും തയ്യാറാക്കി. ജില്ലാ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെയ് മാസത്തില്‍ നടക്കുന്ന സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.